Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുത്തലാഖ് ബില്‍: മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത്- കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ലോക്‌സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടരുതെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ഡിനന്‍സിന് പകരമായി കൊണ്ടുവന്ന ബില്‍ ഈ സമ്മേളനകാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പാര്‍ട്ടി എം.പിമാരോട് നിര്‍ബന്ധമായും ഹാജരാകാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി വിപ്പ് നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 17 നാണ് പുതിയ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുസ്‌ലിം വനിതകളുടെ അവകാശസംരക്ഷണമാണ് ലക്ഷ്യമെന്ന് ബില്‍ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി പറഞ്ഞിരുന്നു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ അവതരണം തടയാന്‍ ശ്രമിച്ചു. എന്നാല്‍ സുപ്രധാനബില്ലായതിനാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭയ്ക്കകത്തും സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റൂള്‍സ് കമ്മിറ്റി യോഗത്തിലും വ്യക്തമാക്കി. മുത്തലാഖ് ബില്‍ 2017 ഡിസംബറില്‍ ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയിരുന്നു. ജനുവരി മൂന്നിന് രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ഭരണപക്ഷത്തിന് അംഗബലമില്ലാത്തതിനാല്‍ മുടങ്ങി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനോ, ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാനോ സര്‍ക്കാര്‍ തയ്യാറായില്ല.
ഇതിനു പിന്നാലെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. നേരത്തെയുള്ള ബില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി.മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. ഭാര്യയ്‌ക്കോ രക്തബന്ധമുള്ളവര്‍ക്കോ വിവാഹം വഴി ബന്ധുക്കളായവര്‍ക്കോ മാത്രമേ പോലീസില്‍ പരാതി നല്‍കാന്‍ കഴിയൂ. ആര്‍ക്കുവേണമെങ്കിലും പരാതി നല്‍കാമെന്നതായിരുന്നു നേരത്തെ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥ. ഭാര്യ ആവശ്യപ്പെട്ടാല്‍ മജിസ്‌ട്രേറ്റിന് കേസ് ഒത്തുതീര്‍പ്പാക്കാം. രണ്ട് കക്ഷികള്‍ക്കും ചേര്‍ന്ന് കേസ് പിന്‍വലിക്കാം. ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ പ്രതി ബാധ്യസ്ഥനാണ്.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്ന് ഭാര്യയ്ക്ക് ആവശ്യപ്പെടാം. തീരുമാനം മജിസ്‌ട്രേറ്റിന്റേതായിരിക്കും. തുടങ്ങിയവയാണ് പുതിയ വ്യവസ്ഥകള്‍. കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവ് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.

 

Latest News