ന്യൂദല്‍ഹി- ആന്ധ്രാ പ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ആന്ധ്രയുടെ പുതിയ തലസ്ഥാനമായി വികസിപ്പിക്കുന്ന നഗരമായ അമരാവതിയില്‍ 2019 ജനുവരി ഒന്നു മുതല്‍ ഹൈക്കോടതി പ്രവര്‍ത്തിച്ചു തുടങ്ങും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥനെ പുതിയ ചീഫ് ജസ്റ്റിസായും നിയമിച്ചു. 15 ജഡ്ജിമാരേയും നിയമിച്ചിട്ടുണ്ട്. ആന്ധ്ര വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ആന്ധ്രാ ഹൈക്കോടതി പരിധിയില്‍ തന്നെയായിരുന്നു ഇരു സംസ്ഥാനങ്ങളും. ഹൈദരാബാദിലെ കോടതി ഇനി തെലങ്കാനയ്ക്കു വേണ്ടി മാത്രമുള്ള ഹൈക്കോടതി ആകും.
സംസ്ഥാന വിഭജനത്തിന് ആധാരമായ 2014-ലെ ആന്ധ്രാ പ്രദേശ് പുനരേകീകരണ നിയമത്തില്‍ സംസ്ഥാന ഹൈക്കോടതി വിഭജനവും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതു നടപ്പിലാക്കാത്തതിനെ ചൊല്ലി ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പുതിയ ആന്ധ്രാ പ്രദേശ് ഹൈക്കോടതിക്ക് സ്ഥലം കണ്ടെത്തണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി ഹര്‍ജിയില്‍ വിധി പറയുകയും ചെയ്തിരുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളും ഹൈക്കോടതി വിഭജനത്തെ അനുകൂലിക്കുന്നതിനാല്‍ ഇതു നടപ്പിലാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ വിജ്ഞാപനമിറക്കണമെന്നും 2019 ജനുവരി ഒന്നോടെ ഹൈക്കോടതി പ്രവര്‍ത്തനമാരംഭിക്കണമെന്നും നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു.