ലഖ്‌നൗ- തെരുവില്‍ അലഞ്ഞുതിരിയുന്ന കാലികളെ പരിപാലിക്കുന്നതിനും അവയ്ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും തീപ്പൊരി ഹിന്ദുത്വ നേതാവുമായ യോഗി ആദിത്യനാഥ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തെരുവു പശുക്കള്‍ മേയുന്ന മേച്ചില്‍പ്പുറങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തെരുവിലെ പശുക്കള്‍ക്ക് നല്ല തൊഴുത്തുകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു സമിതി രൂപീകരിക്കണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി അനൂപ് ചന്ദ പാണ്ഡെയ്ക്ക് നിര്‍ദേശം നല്‍കി.
കാലികള്‍ മേയുന്ന ഇടങ്ങള്‍ കയ്യേറിയവരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ 750 കാലിത്തൊഴുത്തുകള്‍ നിര്‍മ്മിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുറമെ ഇവിടെ വൈക്കോലും കാലിത്തീറ്റയും കുടിവെള്ളവും എത്തിക്കാനും നിര്‍ദേശം നല്‍കി.
തെരുവു പശുക്കള്‍ക്കായി കാലിത്തൊഴുത്തുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്തെ 16 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്കും 10 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും പുറമെ ഗോശാലകള്‍ നിര്‍മ്മിക്കാന്‍ എല്ലാ ജില്ലകള്‍ക്കും 1.2 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 69 തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ ആവശ്യത്തിനുള്ള ഫണ്ട് ഇതിനകം അനുവദിക്കുകയും അതിനനുസരിച്ചുള്ള തുക നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ബറേലി, ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ മാത്രമെ പണി നടന്നിട്ടുള്ളൂ.