Sorry, you need to enable JavaScript to visit this website.

കടൽ കലിതുള്ളിയ ആൻഡമാനിലെ ദിനങ്ങൾ

ക്രിസ്മസ് അവധിക്കാലത്ത് ആൻഡമാൻ ദ്വീപ് സമൂഹത്തിലെ പോർട്ട് ബ്ലെയറിൽ ചെന്നിറങ്ങുമ്പോൾ മനസ്സു പോലെ കടലും ശാന്തമായിരുന്നു.
മരതക പച്ചയുടുത്ത മണവാട്ടിയെപ്പോലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സാമൂഹിക  ഭൂമിശാസ്ത്ര വൈവിധ്യങ്ങളെ അറിയാനും അനുഭവിക്കാനുമായിരുന്നു യാത്ര.നക്ഷത്രങ്ങൾ ശോഭ പരത്തുന്ന ക്രിസ്മസിന്റെ ആഘോഷാരവങ്ങളിലേക്ക് നാടും നഗരവും കാതോർത്തിരിക്കുന്ന ഒരു ഡിസംബറിന്റെ സായാഹ്നത്തിലാണ് പോർട്ട് ബ്ലയർ തുറമുഖ നഗരിയിൽ ഞങ്ങളുടെ കപ്പൽ നങ്കൂരമിടുന്നത്. ചെന്നൈയിൽനിന്ന് ഉദ്ദേശം ആയിരത്തി ഇരുനൂറ് കിലോമീറ്റർ ദൈർഘ്യമുള്ള പോർട്ട് ബ്ലയർ ആൻഡമാൻ നിക്കോബാറിന്റെ  തലസ്ഥാന നഗരി കൂടിയാണ്.
അതിർവരമ്പില്ലാത്ത സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ആഘോഷ മനസാണ് ദ്വീപ് നിവാസികളുടെ ക്രിസ്മസിനെന്ന് തോന്നി. ക്രിസ്മസ് രാത്രി നഗരത്തിന്റെ തിരക്കുകളിലേക്ക് ഇറങ്ങി. എവിടെയും സന്തോഷം കളിയാടുന്ന മുഖങ്ങൾ മാത്രം. ചിരി തുടിച്ച് നിൽക്കുന്ന 'പൂ' മുഖങ്ങളല്ലാതെ മറ്റെന്താണ് ഓരോ ആഘോഷങ്ങളും നമുക്ക് നൽകുന്നത്. രാവേറെ വൈകി താമസ സ്ഥലത്തേക്ക് മടങ്ങി. ദ്വീപിന്റെ തനത് ശൈലിയിൽ തടിയിൽ തീർത്ത ഫഌറ്റിലായിരുന്നു താമസം.
പ്രത്യാശയുടെ കിരണങ്ങളുമായെത്തുന്ന ഓരോ പുലരിക്കും പുതിയൊരു കഥ പറയാനുണ്ടാകും. അങ്ങനെയാണ് 2004 ഡിസംബർ 26, ഞാനുൾപ്പെടെ ലക്ഷണക്കണക്കിനാളുകളുടെ ജീവിതത്തിലൂടെയും ഓർമ്മകളിലൂടെയും ചരിത്രത്തിലേക്ക് നടന്നു കയറിയത്. പതഞ്ഞൊഴുകുന്ന സമുദ്രത്തിന്റെ ഓളങ്ങളിൽ സ്വർണ്ണത്തരികൾ വിതറി സൂര്യൻ എത്തിനോക്കുന്ന ആൻഡമാനിലെ പ്രഭാതങ്ങൾ ഏറെ വശ്യവും മനോഹരവുമാണ്. 
എന്നാൽ ഒരു മഹാദുരന്തം ചെപ്പിലൊളിപ്പിച്ചായിരുന്നു 26 ന്റെ ഉദയ സൂര്യൻ കൺ തുറന്നത്. ഉറക്കമുണർന്നത് ചില പദ്ധതികളുമായിട്ടായിരുന്നു. ജാരവാസിന്റെ വാസസ്ഥലങ്ങൾ കാണാനും അവരുടെ ജീവിത ചുറ്റുപാടുകൾ അടുത്തറിയാനുമുള്ള യാത്രാ തയ്യാറെടുപ്പുകൾക്കിടെ കെട്ടിടം ചെറുതായൊന്ന് കുലുങ്ങിയോ എന്ന് സംശയം. അപ്പോൾ സമയം ഉദ്ദേശം 6.30 ആയിക്കാണും.  തോന്നിയതാകാമെന്ന് കരുതി ജോലിയിലേക്ക് തിരിയുന്നതിനിടെ കുലുക്കം ശക്തമായി. താമസിക്കുന്ന കെട്ടിടം തകരുകയാണെന്ന് ബോധ്യം വന്നു. ഭയം നൽകിയ മുന്നറിയിപ്പുമായി മുകൾ നിലയിൽ നിന്നും താഴേക്ക് ഓടാൻ ശ്രമിച്ചു. കോണിപ്പടി ലക്ഷ്യം വെച്ച എനിക്ക് അത്ര പെട്ടെന്ന് അവിടെ എത്താനായില്ല. എങ്ങനെയൊക്കെയോ കോണിപ്പടികളിറങ്ങി താഴെയെത്തി. ഗ്രൗണ്ട് ഫ്‌ളോറിൽ നിന്നും പുറത്തേക്കുള്ള വാതിൽക്കലെത്തിയ നിമിഷം ഭൂകമ്പത്തിന്റെ തുടർച്ചയിൽ വാതിലടഞ്ഞു. എത്ര പിടിച്ച് വലിച്ചിട്ടും വാതിൽ തുറക്കാനായില്ല. അൽപ നേരത്തെ പരിശ്രമത്തിനൊടുവിൽ വാതിൽ തുറന്നു. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മുറ്റത്തേക്ക് എടുത്തു ചാടി.
സന്തോഷം ഭയത്തിന് വഴി മാറാൻ നിമിഷങ്ങളുടെ ഇടവേള. കാല് നിലത്ത് ഉറച്ച് നിൽക്കുന്നില്ല. സംഭവിക്കുന്നതെന്താണെന്നറിയാതെ ചുറ്റും നോക്കി. മനുഷ്യരും മൃഗങ്ങളും കെട്ടിടങ്ങളും വൃക്ഷങ്ങളുമെല്ലാം ഒരേ താളത്തിലാടുന്ന അപൂർവ്വ കാഴച.നിസ്സഹായതയുടെ പരകോടിയിൽ സഹസ്രങ്ങൾ അലറി വിളിക്കുന്നു. വെപ്രാളത്തിനിടയിൽ ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. വായിച്ചും കേട്ടും  മാത്രം പരിചയമുള്ള പ്രതിഭാസം. ഭൂകമ്പം!
ഏറിയും കുറഞ്ഞുമുള്ള തുടർ ചലനങ്ങൾക്ക് ശേഷം ക്രമേണ ഭൂമി ശാന്തമായിത്തുടങ്ങി. അട്ടഹാസങ്ങൾക്കും ആർത്തനാദങ്ങൾക്കും ശമനം വന്നു. പരിഭ്രാന്തരായ ജനങ്ങൾ പേടിപ്പെടുത്തുന്ന വർത്തമാനങ്ങളും വാർത്തകളും പരസ്പരം കൈമാറി വിഹ്വലതകൾക്ക് ആക്കം കൂട്ടി. ശാസ്ത്ര പുരോഗതിയിൽ മതിമറന്ന് ദൈവത്തെ പോലും വെല്ലുവിളിച്ച് ജീവിക്കുന്ന മനുഷ്യൻ എത്രമേൽ നിസ്സാരനെന്ന് ബോധ്യമാവുന്ന നിമിഷങ്ങൾ. 
9.2 റിക്ടർ സ്‌കെയിലിൽ അടിച്ചു വീശിയ, ലോകത്ത്  നാൽപത് വർഷങ്ങൾക്കുള്ളിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂകമ്പം! എല്ലാം തികഞ്ഞവനെന്ന് നടിക്കുന്ന മനുഷ്യന് പക്ഷേ, അത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. അതേ സമയം മൃഗങ്ങൾക്ക്  അത് മുൻകൂട്ടി കാണാൻ കഴിഞ്ഞെന്ന് തോന്നി. പരിസരത്തെ ആടുകളും നായകളുമൊക്കെ ആദ്യത്തെ ഭൂചലനത്തിന് കുറച്ച് മുമ്പ് തന്നെ അത്യുച്ചത്തിൽ കരയാൻ തുടങ്ങിയിരുന്നു.
തകർന്ന് വീണ കെട്ടിടങ്ങളും കടപുഴകിയ മരങ്ങളും മനസിനെയും മരുപ്പറമ്പാക്കി. വിണ്ടുകീറിയ റോഡിലൂടെ രക്ഷ തേടി കടപ്പുറം ഭാഗത്തേക്ക് ഓടി. അതിനിടെ കടപ്പുറം ഭാഗത്ത് നിന്ന് വെള്ളം കരയിലേക്ക് വരുന്നേയെന്ന് അലറിക്കൊണ്ട് ആൾക്കൂട്ടം പാഞ്ഞു വരുന്നു. സംഹാര രൂപിണിയായ കടലിന്റെ പകർന്നാട്ടത്തിന് അരങ്ങൊരുങ്ങുകയാണെന്ന് തോന്നിത്തുടങ്ങി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവരുടെ പിന്നാലെയോടി തിരിഞ്ഞു നോക്കുമ്പോൾ വരികൾക്കും മൊഴികൾക്കുമൊതുങ്ങാത്ത ഭീകര ദൃശ്യമാണ് കണ്ടത്. തീരം നക്കിത്തുടച്ച് തിരികെപ്പോവുന്ന രാക്ഷസത്തിരമാലകൾ. ജീവിതത്തിൽ കണ്ട ഏറ്റവും ഭീകര ദൃശ്യം! ചെറിയ ഇടവേളയിൽ ഉണ്ടാകുന്ന കൂറ്റൻ തിരമാലകളുടെ സംഹാര താണ്ഡവം മിനിറ്റുകൾ ദീർഘിക്കുന്നു. ഓരോ തവണയും ശക്തിയും ദൂരവും കൂടുതൽ കണ്ടെത്തുന്ന തിരമാലകൾ കടലിലേക്ക് മടങ്ങുന്നത്  'അഹങ്കാരത്തിന്റെ' അടിത്തറയിൽ മനുഷ്യർ തീർത്ത കെട്ടിടങ്ങളും വാഹനങ്ങളുമായി. അവയിൽ പലതിലും ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു. മരണത്തിന്റെ ഗന്ധമുള്ള തിരമാലകൾക്കൊപ്പം ഒരുപാട് സ്വപ്‌നങ്ങളും കടലിലേക്ക് ഒഴുകുന്നു.
കരയും കടലും ഒരുപോലെ പ്രതികരിച്ചു തുടങ്ങിയതോടെ ലോകം അവസാനിക്കുകയാണോ എന്നു പോലും ചിന്തിച്ചു. അവശേഷിച്ച ധൈര്യവും ചോർന്നുകൊണ്ടിരുന്നു. വൈദ്യുതി ബന്ധവും വാർത്താ വിതരണ സംവിധാനവും തകരാറിലായതോടെ അർദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിക്കാൻ തുടങ്ങി. അപ്പോഴേക്കും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ പെട്ടവരെയും കടലിൽ കുടുങ്ങിയവരെയും രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങൾക്ക് തുടക്കമായി. സർക്കാർ സംവിധാനത്തോടൊപ്പം സന്നദ്ധ പ്രവർത്തകരും ഉണർന്നതോടെ ദുരിതാശ്വാസ പ്രവർത്തനം സജീവമായി. വീണ്ടെടുപ്പിന്റെയും തിരിച്ചു വരവിന്റെയും അതിനിർണ്ണായക മണിക്കൂറുകൾ.
എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിക്കണം. അതിനെ കുറിച്ചായിരുന്നു പിന്നീടുള്ള എന്റെ ചിന്ത. പരസഹായമെത്താൻ ദിവസങ്ങൾ എടുക്കുന്ന ഈ അപരിചിത ദേശത്ത് മരണം യാഥാർത്ഥ്യമായി മുന്നിൽ കണ്ടപ്പോൾ നാട്ടിലെത്താനുള്ള സാധ്യത ദൈവത്തിന് വിട്ടു. അലക്ഷ്യമായി ദുരന്ത പ്രദേശങ്ങളിലൂടെ നടന്നു. മൃതശരീരങ്ങളും പരിക്കേറ്റവരുടെ രോദനവും തകർന്നടിഞ്ഞ വാസസ്ഥലങ്ങളും ഭീകര കാഴ്ചകളായിരുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ ദയനീയത മനസ്സിനെ നൊമ്പരപ്പെടുത്തി. ദുരന്ത മുഖത്ത് നിന്ന് തന്നെ  രക്ഷപ്പെടുത്തുന്നതിനിടെ മരണത്തിന് കീഴടങ്ങിയ സ്‌കൂൾ വിദ്യാർത്ഥിയായ മകനെയോർത്ത് വിലപിക്കുന്ന മലയാളിയായ ഒരമ്മയുടെ മുഖം ഇപ്പോഴും മനസ്സിൽ തെളിയുന്നു. അങ്ങനെയെത്ര വിലാപങ്ങൾ. ശബ്ദം നിലച്ച രോദനങ്ങൾ.
നെട്ടോട്ടമോടുന്ന ജനങ്ങൾക്കൊപ്പം അസ്തമയത്തോടടുക്കുന്ന പകൽ. ഭയത്തിന്റെ കരിമ്പടം പുതച്ചെത്തുന്ന രാത്രിക്കായ് സൂര്യൻ മിഴിയടക്കുന്നു. ജനക്കൂട്ടം നിറഞ്ഞ ഭാഗത്തേക്ക് ചെന്നു. ഭൂമിയുടെ തുടർ ചലനം ഇനിയുമുണ്ടാകാമെന്ന മുന്നറിയിപ്പിൽ ചകിതരായ ജനങ്ങൾ, കൂറ്റൻ തിരമാലകളുടെ ആക്രമണം മുന്നിൽ കണ്ട് അഭയം കണ്ടെത്തിയ ഒരു ഖബർസ്ഥാന്റെ പരിസരമായിരുന്നു അത്. മരിച്ച് ഖബറിൽ കിടക്കുന്നവർക്ക് മരണം കാത്തിരിക്കുന്നവരുടെ കാവൽ.
നാലഞ്ച് വയസ്സുള്ള ഒരു കുട്ടി 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് ചൊല്ലിക്കൊണ്ടിരിക്കുന്ന രംഗവും അവിടെ കണ്ടു. മരണത്തിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെടാൻ ഒരു പിഞ്ചു കുട്ടി തീർക്കുന്ന പ്രതിരോധ മതിൽ.
ദിവസങ്ങൾ പലത് കഴിഞ്ഞു. പല തവണ ഭൂമിയുടെ തുടർ ചലനങ്ങളുണ്ടായി. ചെന്നൈയിലേക്കുള്ള മടക്ക ടിക്കറ്റ് ലഭിച്ചതോടെ ദുരന്ത കഥകൾ അയവിറക്കുന്ന ഒരു കൂട്ടം മനുഷ്യജന്മങ്ങളോടൊപ്പം എം.വി നിക്കോബാർ കപ്പലിൽ ചെന്നൈയിലേക്ക് തിരിച്ചു. 
പതിനേഴ് ദിവസത്തെ ആൻഡമാൻ സന്ദർശനത്തിന് പരിസമാപ്തി. ദുരന്തം മണക്കുന്ന തുറമുഖ നഗരത്തിൽനിന്ന് ഞങ്ങളുടെ കപ്പൽ നടുക്കടലിലേക്ക് നീന്തിത്തുടങ്ങി. രണ്ട് ദിവസത്തെ ദൂരം കപ്പൽ പിന്നിട്ടശേഷം, ഇരുപത്തി നാല് മണിക്കൂറിനിടെ ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പെത്തിയത് യാത്രക്കാരിൽ വീണ്ടും ഭയം ജനിപ്പിച്ചു. ദൈവാനുഗ്രഹം കൊണ്ട് ആപത്തൊന്നും സംഭവിക്കാതെ മൂന്നാം ദിനം കപ്പൽ ചെന്നൈ തുറമുഖമണഞ്ഞു.
ചെന്നൈയിലെത്തി വാർത്താ മാധ്യമങ്ങൾ കണ്ട ശേഷമാണ് ലോകത്തെ പിടിച്ചു കുലുക്കിയ ദുരന്തത്തിന്റെ യഥാർത്ഥവും ഭീകരവുമായ മുഖം തിരിച്ചറിഞ്ഞത്.  കണ്ടതിനെക്കാൾ എത്രയോ ഭീകരമായിരുന്നു കാണാ കാഴ്ചകൾ. ആർത്തലച്ചെത്തിയ തിരമാലയുടെ പേര്  സുനാമി എന്നാണെന്നും ലോകത്ത് നൂറു വർഷങ്ങൾക്കിടയിലുണ്ടായ അഞ്ചാമത്തെ ശക്തമായ ഭൂകമ്പത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും മനസ്സിലായി. ദുരന്തത്തോടൊപ്പം മരണം നേരിൽ കണ്ട നിമിഷങ്ങൾ ഓർമ്മയുടെ സ്‌ക്രീനിൽ ഒരുവട്ടം കൂടി തെളിഞ്ഞു വന്നു.
തെറ്റാത്ത പ്രകൃതി നിയമങ്ങൾക്കു മേൽ ഉണ്ടാകുന്ന എല്ലാ ദുരന്തങ്ങൾക്കും ഒരു കാരണമുണ്ടാകും. അതിനിരയായി മരിച്ചു പോയവർക്ക് അറിയാൻ കഴിയാത്ത ഒരു കാരണം. അത് കണ്ടെത്തുന്നതും കാലത്തിന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തുന്നതും ആ ദുരന്തത്തിന്റെ നേർ സാക്ഷികളത്രെ! ഓരോ ദുരന്തങ്ങളും നമുക്ക് പാഠങ്ങളാവട്ടെ.

(2004 ഡിസംബർ 26നാണ് കനത്ത നാശം വിതച്ച സുനാമി ഏഷ്യൻ രാജ്യങ്ങളിൽ ആഞ്ഞടിച്ചത്)
 

Latest News