ചെന്നൈ- എച്ച്.ഐ.വി ബാധിതനിൽനിന്ന് രക്തം സ്വീകരിച്ചത് വഴി തമിഴ്‌നാട്ടിൽ ഗർഭിണിക്ക് എയ്ഡ്‌സ് രോഗം. വിരുതുനഗർ ജില്ലയിലെ 24 വയസ്സുകാരിയാണ് രോഗബാധിതയാതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഡിസംബർ മൂന്നിനാണ് ചികിത്സയുടെ ഭാഗമായി ശിവകാശിയിലുള്ള ഒരു ഗവണ്മെന്റ് രക്തബാങ്കിൽനിന്ന് യുവതി രക്തം സ്വീകരിച്ചത്. ഒരേ ബ്ലഡ് ഗ്രൂപ്പിലുള്ള യുവാവിന്റെ രക്തമായിരുന്നു യുവതി സ്വീകരിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് യുവാവ് എയിഡ്‌സ് ബാധിതനാണെന്ന് രക്ത ബാങ്ക് അധികൃതർ അറിയുന്നത്.
കുറച്ചു ദിവസം മുമ്പ്, രക്തം നൽകിയ യുവാവ് അധികൃതരെ ബന്ധപ്പെടുകയും രക്തം കൈമാറ്റം ചെയ്യരുത് എന്നു അറിയിക്കുകയും ചെയ്തു. വിദേശ ജോലിക്ക് പോവുന്നതിന് മുമ്പ് രക്തപരിശോധന നടത്തിയപ്പോഴാണ് താൻ അസുഖ ബാധിതനാണെന്ന് യുവാവ് അറിഞ്ഞത്.
ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ യുവാവ് രണ്ടു വർഷം മുമ്പേ രോഗ ബാധിതനാണെന്ന് കണ്ടെത്തി. ഒരു സന്നദ്ധ സംഘടന നടത്തിയ രക്തദാന ക്യാംപ് വഴിയാണ് യുവാവ് രക്തദാനം നടത്തിയത്. സ്വീകരിച്ച രക്തം അണുവിമുക്തമാണ് എന്നു ഉറപ്പു വരുത്താൻ രക്തബാങ്ക് അധികൃതർക്ക് കഴിയാതിരുന്നതാണ് യുവതി എയ്ഡ്‌സ് ബാധിതയാവാൻ കാരണം എന്ന് ബന്ധുക്കൾ പറയുന്നു.
ബന്ധുക്കളിൽനിന്ന് പരാതി സ്വീകരിച്ച ശേഷം മൂന്ന് രക്തബാങ്ക് ജീവനക്കാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ രണ്ടു പേരും കുറ്റകരമായ കൃത്യവിലോപം നടത്തി എന്നു കണ്ടെത്തിയിരുന്നു.
പ്രഥമ ഘട്ടത്തിൽ തന്നെ അസുഖം കണ്ടെത്തിയത് കൊണ്ട് ചികിത്സ ഉപകാരപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം, കുഞ്ഞിന് എയ്ഡ്‌സ് അണുബാധ ഉണ്ടാവുമോ എന്നതാണ് ബന്ധുക്കളുടെയും ഡോക്ടർമാരുടെയും ആശങ്ക.