ന്യൂദല്‍ഹി- രാജ്യത്തെ മുഴുവന്‍ വൈദ്യുതി മീറ്ററുകളും മൂന്ന് വര്‍ഷത്തിനകം പ്രീ പെയ്ഡ് മീറ്ററുകളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നിന് ഇതിനു തുടക്കം കുറിക്കും. പ്രീ-പെയ്ഡ് സിം കാര്‍ഡ് മാതൃകയില്‍ ആവശ്യാനുസരണം റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനമാണിത്.
കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്‍.കെ. സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമൊട്ടാകെ 2.26 കോടി പുതിയ മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ബില്ലുകള്‍ കൃത്യമായി വിതരണംചെയ്യുന്നതിലും തുക ഈടാക്കുന്നതിലുമുണ്ടായ തടസ്സവും ഉയര്‍ന്ന ബില്‍ നിരക്കിനെച്ചൊല്ലിയുള്ള പരാതിയും വര്‍ധിച്ചതോടെയാണ് പ്രീ-പെയ്ഡ് മീറ്ററുകളിലേക്ക് മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രീ പെയ്ഡ് ആകുമ്പോള്‍ ഒരുമാസത്തേക്ക് നിശ്ചിത തുക നല്‍കേണ്ടതില്ല. വൈദ്യുതി ഉപയോഗിച്ച ദിവസങ്ങള്‍ക്കോ മണിക്കൂറുകള്‍ക്കോ ഉള്ള നിരക്ക് നല്‍കിയാല്‍മതി. പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് പുതിയ നീക്കം സഹായകമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. പണം മുന്‍കൂറായി ലഭിക്കുന്നതിനാല്‍ വൈദ്യതി വിതരണ കമ്പനികള്‍ക്ക് തുക ലഭിക്കാത്ത സാഹചര്യവും ഉണ്ടാകില്ല.
മീറ്റര്‍ പ്രീ-പെയ്ഡാകുമ്പോള്‍ സബ്‌സിഡി ഒഴിവാക്കില്ല. സംസ്ഥാനങ്ങള്‍ക്ക് സബ്‌സിഡി തീരുമാനിക്കാം. എന്നാല്‍, സബ്‌സിഡി തുക സര്‍ക്കാരുകള്‍ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കണം. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികളും ആലോചിക്കുന്നു. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയാല്‍ വൈദ്യുതി വിതരണ കമ്പനികളില്‍നിന്ന് പിഴ ഈടാക്കാനാണ് തീരുമാനം. കമ്പനികള്‍ വഴങ്ങിയില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
പരിഷ്‌കരിച്ച വൈദ്യുതി നിരക്ക് നയത്തില്‍ ഇതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വൈദ്യുതിവിതരണ ശൃഖലയെ എല്ലാവര്‍ഷവും നിരീക്ഷിക്കാനുള്ള നിര്‍ദേശവുമുണ്ട്. രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ആദ്യ സമയപരിധി അടുത്തവര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി. മാര്‍ച്ച് 31 വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ദിവസം ശരാശരി ഒരുലക്ഷം വീടുകളില്‍ പുതിയ കണക്ഷന്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു.