മാധ്യമ പ്രവർത്തകൻ തീക്കൊളുത്തി മരിച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധം
കാസ്സറിൻ (തുനീഷ്യ)- അറബ് വസന്തത്തിന് തുടക്കം കുറിച്ച 2010ലെ മുല്ലപ്പൂ വിപ്ലവത്തിന്റെ ഉറവിടമായ തുനീഷ്യയിൽ വീണ്ടും വിപ്ലവത്തിന്റെ തീപ്പൊരികൾ. ജീവിക്കാൻ മാർഗമില്ലാതെ ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ ആത്മാഹുതി രാജ്യത്ത് വലിയ പ്രക്ഷോഭത്തിന് ഇടനൽകിയിരിക്കുകയാണ്. കാസ്സറിൻ പട്ടണത്തിൽ പ്രതിധേഷക്കാരെ നേരിടാൻ സൈന്യം തെരുവിലിറങ്ങുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
32 കാരനായ അബ്ദുൽ റസാഖ് സോർജിയാണ് തിങ്കളാഴ്ച വൈകിട്ട് സ്വയം തീക്കൊളുത്തി മരിച്ചത്. 'ജീവിക്കാൻ ഒരു മാർഗവുമില്ലാത്ത കാസ്സറിനിലെ മക്കൾക്കു വേണ്ടി ഞാനൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ഞാൻ സ്വയം തീക്കൊളുത്താൻ പോകുന്നു' എന്നു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു സോർഗിയുടെ ആത്മാഹുതി. സംഭവമറിഞ്ഞ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. അവർ ടയറുകൾ കത്തിച്ച് റോഡുകളിലിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ചു. പോലീസിനെ കല്ലെറിഞ്ഞു. അക്രമങ്ങളിൽ ആറ് സുരക്ഷാ സൈനികർക്ക് പരിക്കേറ്റു. ഒമ്പത് പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ സ്ഥിതി ശാന്തമായിരുന്നെങ്കിലും ഉച്ചക്ക് സോർഗിയുടെ ഖബറടക്കം കഴിഞ്ഞതോടെ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ഗവർണറുടെ ഓഫീസിനു മുന്നിൽ പ്രക്ഷോഭകരും സൈന്യവും ഏറ്റുമുട്ടി. പ്രക്ഷോഭകരെ ടിയർ ഗ്യാസ് ഷെല്ലുകൾ പൊട്ടിച്ചാണ് സുരക്ഷാ സേന നേരിട്ടത്. സ്ഥിതി നിയന്ത്രിക്കാൻ കൂടുതൽ സൈനികരെ നഗരത്തിൽ വിന്യസിച്ചിരിക്കുകയാണ്. സോർഗിയുടെ മരണത്തെത്തുടർന്ന് പൊതു പണിമുടക്കിന് തയാറെടുക്കുകയാണ് തുനീഷ്യയിലെ മാധ്യമ ലോകം. ജീവിതം കഠിനമാവുകയും പ്രതീക്ഷകൾ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് യുവാവ് ആത്മാഹുതി ചെയ്തതെന്ന് തുനീഷ്യൻ ജേണലിസ്റ്റ് യൂനിയൻ പറഞ്ഞു.
2010ൽ ജീവിക്കാൻ വേണ്ടി തെരുവിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന ബിരുദധാരിയായ യുവാവ് അധികൃതരുടെ ശല്യം സഹിക്കവയ്യാതെ സ്വയം തീക്കൊളുത്തി മരിച്ചതാണ് തുനീഷ്യയിൽ മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ടത്. അന്ന് രാജ്യത്ത് ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്ന നഗരങ്ങളിലൊന്നാണ് കാസ്സറിൻ. പ്രക്ഷോഭം രാജ്യമെങ്ങും പടർന്നതോടെ പ്രസിഡന്റ് സെയ്‌നുൽ ആബ്ദീൻ ബിൻ അലിക്ക് രാജ്യം വിടേണ്ടിവന്നു. പിന്നീട് തുനീഷ്യയിൽ ജനാധിപത്യ ഭരണം വന്നെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി കാര്യമായി മെച്ചപ്പെട്ടിട്ടില്ല.