ഭോപാല്‍- മധ്യപ്രേദശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ 28 പുതിയ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ചു. 15 വര്‍ഷത്തിനു ശേഷം സംസ്ഥാനത്ത് വീണ്ടും ഒരു മുസ്ലിം നേതാവും മന്ത്രിയായി. ഭോപാല്‍ നോര്‍ത്ത് എംഎല്‍എ ആരിഫ് അഖീല്‍ ആണ് മന്ത്രിസഭയിലെ ഏക മുസ്ലിം മുഖം. സംസ്ഥാനത്തിന്റെ എല്ലാ മേഖലയ്ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം ഉറപ്പു വരുത്തിയാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. മള്‍വ നിവാഡ് മേഖലയില്‍ നിന്ന് ഒമ്പത്, കേന്ദ്ര മധ്യ പ്രദേശില്‍ നിന്ന് ആറ്, ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ നിന്ന് അഞ്ച്, ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ നിന്ന് മൂന്ന് എന്നിങ്ങനെയാണ് മന്ത്രിമാരുടെ എണ്ണം. തലസ്ഥാനമായ ഭോലില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി കമല്‍നാഥുമായി അടുപ്പമുള്ള 11 പേര്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിച്ചു. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ സിങുമായി അടുപ്പമുള്ള ഒമ്പതു പേരും മന്ത്രിസഭയിലുള്‍പ്പെട്ടു. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ള ഏഴു നേതാക്കളും മന്ത്രിസഭയിലുണ്ട്. രണ്ടു വനിതകള്‍ മാത്രമെ മന്ത്രിമാരായുള്ളൂ. മഹേശ്വറില്‍ നിന്നുള്ള വിജയ് ലക്ഷ്മി സാധു, ദബ്രയില്‍ നിന്നുള്ള ഇമാരതി ദേവി എന്നിവരാണവര്‍.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ നിയമസഭാ സമ്മേളനം ജനുവരി ഏഴിനാണ്.