നോയ്ഡ- ദല്‍ഹിക്കടുത്ത ഉത്തര്‍ പ്രദേശ് നഗരമായ നോയ്ഡയിലെ സെക്ടര്‍ 58-ല്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ മതകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തി. ജീവനക്കാരെ പാര്‍ക്കുകളില്‍ വെള്ളിയാഴ്ച നമസ്‌ക്കാരം നടത്താന്‍ അനുവദിക്കരുതെന്ന് സെക്ടര്‍ 58ല്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ജീവനക്കാര്‍ നമസ്‌ക്കരിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിവാദ നടപടിയെ തുടര്‍ന്ന് കമ്പനികള്‍ വ്യക്തത തേടി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കാനിരിക്കുകയാണ്. പോലീസ് ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യവും കമ്പനികള്‍ ആലോചിക്കുന്നുണ്ടെന്ന് എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു.
നോയ്ഡയിലെ വ്യവസായ കേന്ദ്രമായ സെക്ടര്‍ 58ല്‍ ഉത്തരവ് വിവാദമായിരിക്കുകയാണ്. എന്നാല്‍ ഇത് പ്രത്യേക മതവിഭാഗത്തെ മാത്രം ഉദ്ദേശിച്ചല്ലെന്ന് ന്യായീകരിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പൊതു ഇടങ്ങളില്‍ നമസ്‌ക്കരിക്കുന്നത് പ്രദേശത്തെ സമാധാനത്തിന് തടസ്സമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഏതാനും ഹിന്ദുത്വ സംഘടനകള്‍ നോയ്ഡ സീനിയര്‍ പോലീസ് സുപ്രണ്ടിന് നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കമ്പനികള്‍ക്ക് ഈ നിര്‍ദേശം നല്‍കാന് പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. എച്.സി.എല്‍ ഉള്‍പ്പെടെ 12 ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച വിവാദ നോട്ടീസ് ലഭിച്ചു. പാര്‍ക്കില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ആര്‍ക്കും അനുമതിയില്ലെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്.
'താങ്കളുടെ കമ്പനിയിലെ മുസ്ലിം ജീവനക്കാര്‍ സെക്ടര്‍ 58-ലെ പാര്‍ക്കില്‍ വെള്ളിയാഴ്ചകളില്‍ നമസ്‌ക്കാരം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കണം. പ്രാര്‍ത്ഥനയ്ക്കായി അവര്‍ പാര്‍ക്കി പോയാല്‍ കമ്പനികളായിരിക്കും ലംഘനത്തിന് ഉത്തരവാദികള്‍,' എന്നാണ് ഓരോ കമ്പനി മേധാവികള്‍ക്കും പേലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നത്.
തങ്ങള്‍ ഒരു മതവിഭാഗത്തേയും ലക്ഷ്യമിട്ടല്ല ഈ നിര്‍ദേശം നല്‍കിയതെന്ന് നോയ്ഡ് എസ്.എസ്.പി അജയ് പാല്‍ പറയുന്നു. 'സെക്ടര്‍ 58ലെ പാര്‍ക്കില്‍ നമസ്‌ക്കാരത്തിന് അനുമതി തേടി ചിലര്‍ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ സിറ്റി മജിസ്‌ട്രേറ്റിന്റെ അനുമതി ഇതിനില്ല. എന്നിട്ടും കുറെ പേര്‍ അവിടെ ഒരുമിച്ചു കൂടുന്നുണ്ട്. നോട്ടീസ് ലക്ഷ്യമിടുന്നത് എല്ലാ തരത്തിലുമുള്ള മതപരമായ കാര്യങ്ങളാണ്,' അദ്ദേഹം പറയുന്നു.
അതേസമയം ഇവിടെ നമസ്‌ക്കരിച്ചിരുന്നവരെ തെരഞ്ഞെു പിടിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നതായും ആക്ഷേപമുയര്‍ന്നു. ഇവിടെ നമസ്‌ക്കരിച്ചു വന്നിരുന്ന തങ്ങളോട് ഇനി തുടരരുത് എന്ന് ഡിസംബര്‍ 14ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു, അത് അംഗീകരിക്കുകയും ചെയതുവെന്ന് മൗലാന നുഅ്മാന്‍ പറഞ്ഞു. എന്നാല്‍ നാലു ദിവസത്തിനു ശേഷം പോലസ് നുഅ്മാനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷ തടസ്സപ്പെടുത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ഇവര്‍ നാലു ദിവസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു.
നോയ്ഡയ്ക്കു സമീപത്തെ ഹരിയാന നഗരമായ ഗുഡ്ഗാവില്‍ മാസങ്ങള്‍ക്ക് മുമ്പ് ഹിന്ദുത്വ തീവ്രവാദികള്‍ നിരവധി ഇടങ്ങളില്‍ നമസ്‌ക്കാരം തടസ്സപ്പെടുത്തി മുസ്ലിംകളെ ആട്ടിപ്പായിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭൂമി തട്ടിയെടുക്കാനാണ് നമസ്‌ക്കാരം നടത്തുന്നതെന്നായിരുന്നു അവരുടെ ആരോപണം. പൊതു ഇടങ്ങളില്‍ നമസ്‌ക്കരിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ഹരിയാന മുഖ്യമന്ത്രിയും ആര്‍.എസ്.എസ് നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടറും പറഞ്ഞിരുന്നു.