തിരുവനന്തപുരം- നിയമ വിദ്യാര്‍ഥിനി വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച സ്വാമിയുടെ ലിംഗം ഛേദിച്ചത് ധീര നടപടിയോ അതോ വ്യവസ്ഥയുടെ തകര്‍ച്ചയോ? പെണ്‍കുട്ടിയെ ന്യായീകരിച്ചും പുകഴ്ത്തിയും മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയും പരസ്യമായി രംഗത്തുവന്നതോടെയാണ് ഈ ചര്‍ച്ച.
മാതാപിതാക്കള്‍ വീട്ടില്‍ കയറിഇറങ്ങാന്‍ അനുവദിച്ചിരുന്ന സ്വാമി വര്‍ഷങ്ങളായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടി പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാതാവിന്റെ അനുമതിയോടെ പീഡനം ആരംഭിച്ചത്.
യുവതി തന്നെയാണ് പോലീസിനെ വിളിച്ച് കുറ്റകൃത്യം അറിയിച്ചതും കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതും. എന്നാല്‍ നിയമം കൈയിലെടുത്ത വിദ്യാര്‍ഥിനിക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി തന്നെ രംഗത്തുവന്നത് എല്ലാവരും അംഗീകരിക്കുന്നില്ല.
പെണ്‍കുട്ടി നേരത്തെ തന്നെ പോലീസിനെ അറിയിച്ച് സംരക്ഷണം തേടുകയാണ് വേണ്ടിയിരുന്നതെന്ന് ശബരിമല ക്ഷേതം തന്ത്രി കുടുംബാംഗവും പ്രഭാഷകനുമായ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സ്വാമി താമസിച്ചിരുന്ന ആശ്രമത്തെ ന്യായീകരിക്കുനും രാഹുല്‍ തയാറായി. യേശുവിനോടൊപ്പം യൂദാസ് ഉണ്ടായതുപോലെ എല്ലാ സമൂഹത്തിലും ഇതുപോലുള്ളവര്‍ കാണുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാല്‍ ആരും വിശ്വാസത്തിലെടുക്കില്ലെന്ന ധാരണയാണ് പെണ്‍കുട്ടിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
പീഡനത്തില്‍നിന്ന് രക്ഷിക്കാന്‍ വ്യക്തികളോ സമൂഹമോ തയാറാകില്ലെന്ന ബോധ്യത്തില്‍നിന്നാകാം 23 വയസ്സായ യുവതിയെ ഇതിനു പ്രേരിപ്പിച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുയമായ പി. ഗീത അഭിപ്രായപ്പെട്ടു.