അമൃത്സര്‍- കഴുത്ത് ഞെരിച്ച ശേഷം ട്രെയിനിലെ ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ച നവജാത ശിശു ആശുപത്രിയില്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ശനിയാഴ്ചയാണ് കുഞ്ഞിനെ സിവില്‍ ആശുപത്രിയിലെത്തിച്ചത്. ഹൗറ എക്‌സ്പ്രസിലെ എ.സി കോച്ചില്‍ കുഞ്ഞിന്റെ കഴുത്തില്‍ കയര്‍ കുരുക്കി ടോയ്‌ലെറ്റിലേക്ക് തള്ളുകയായിരുന്നു.
ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ വൃത്തിയാക്കാന്‍ കയറിയ തൂപ്പുകാരാണ് കയര്‍ കണ്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ വലിച്ച് പുറത്തെടുത്തത്. അതീവഗുരുതര നിലയിലായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്ന് സിവില്‍ ഹോസ്പ്റ്റലിലെ ചൈല്‍ഡ് സ്‌പെഷലിസ്റ്റ് ഡോ. സന്ദീപ് അഗര്‍വാള്‍ പറഞ്ഞു.
ടോയ്‌ലെറ്റിലെ സീറ്റില്‍നിന്ന് രണ്ട് അടിയോളം താഴ്ചയില്‍ നാല് മണിക്കൂറെങ്കിലും കുഞ്ഞ് കുടുങ്ങിക്കിടന്നുവെന്നാണ് കരുതുന്നത്. ശ്രദ്ധയില്‍ പെടാതെ യാത്രക്കാര്‍ ടോയ്‌ലെറ്റില്‍ വെള്ളം ഉപയോഗിക്കുകയും ചെയ്തു.
നവജാത ശിശുവിനെ ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിന് എല്ലാ സ്റ്റേഷനുകളിലേയും സിസിടിവി പരിശോധിച്ചുവരികയാണെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.