ഇടുക്കി- വിദ്യാർഥികളെ പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന് ആരോപിച്ച് മാതാപിതാക്കളുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനു സമീപം സങ്കടസമരം.
14ന് പള്ളിക്കവലയിൽ സോനു ആഗസ്തിയെന്ന 18 കാരനെ പോലീസുകാരനും ബാങ്ക് സെക്യൂരിറ്റിയും ചേർന്ന് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവമുണ്ടായിരുന്നു. പരിക്കേറ്റ സോനുവിനെ സുഹൃത്തുക്കളായ അഞ്ജിത് ബാബു, അമൽ അശോക്, സനീഷ് ചന്ദ്രൻ, അഭിജിത് അശോകൻ, അജിഷ് ഗോപി എന്നിവരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കമ്പിവടിയ്ക്ക് അടിയേറ്റ സോനുവിനു തലയ്ക്ക് സാരമായി മുറിവേറ്റിരുന്നു. എന്നാൽ പോലീസുകാരനെയും ബാങ്ക് സെക്യൂരിറ്റിയെയും മർദിച്ചെന്ന് കള്ളക്കേസുണ്ടാക്കി സോനുവിനെയും സുഹൃത്തുക്കളെയും കേസിൽ പെടുത്തിയെന്നാണ് വിദ്യാർഥികളുടെ മാതാപിതാക്കളുടെ ആരോപണം. പ്ലസ്ടു വിദ്യാർഥികളായ ഇവരുടെ പേരിൽ 11 കേസുകൾ നിലവിലുള്ളതായി നെടുങ്കണ്ടം പോലീസ് കോടതിയിൽ വ്യാജ റിപ്പോർട്ട് നൽകിയിരിക്കുന്നതിനാൽ കോടതിയിൽ നിന്നും ജാമ്യം ലഭിക്കാത്ത സ്ഥിതിയാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലായിരുന്നു സങ്കട സമരം നടത്തിയത്.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെയും, ബാങ്ക് ജീവനക്കാരനെയും മർദിച്ചതിനെ തുടർന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും നെടുങ്കണ്ടം പോലീസ് അറിയിച്ചു.
11 കേസുകളുള്ളതായി റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അറസ്റ്റിലായവർക്കെതിരെ ഒരു കേസ് മാത്രമാണ് നിലവിലുള്ളതെന്നും പോലീസ് പറഞ്ഞു.