ഇസ്ലാമാബാദ്- ഇന്ത്യയിൽ തൂക്കിലേറ്റപ്പെട്ട അജ്മൽ കസബിനെക്കാൾ വലിയ ഭീകരനാണു പാക്കിസ്ഥാനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവെന്നു പാക്കിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പർവേസ് മുഷറഫ്.
മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ പട്ടാള മേധവി കൂടിയായിരുന്നു മുഷറഫിന്‍റെ പ്രതികരണം.
164 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തൂക്കിലേറ്റിയ പാക്ക് ഭീകരനാണ് അജ്മൽ കസബ്. ചതുരംഗത്തിലെ കാലാൾ മാത്രമായിരുന്നു കസബെങ്കില്‍ പാക്കിസ്ഥാനില്‍ ഭീകരവാദം വളർത്തി ആളുകളെ കൊല്ലിക്കാനുള്ള പ്രവൃത്തികളാണു ജാദവ് ആസൂത്രണം ചെയ്തിരുന്നതെന്ന് മുഷറഫ് ആരോപിച്ചു.
അതിനിടെ, കുൽഭൂഷൺ ജാദവ് കേസ് വീണ്ടും പരിഗണിക്കണം എന്നാവശ്യപ്പെട്ടു പാക്കിസ്ഥാൻ അന്താരാഷ്ട്ര കോടതിയില്‍ ഹരജി നൽകി. ആറാഴ്ചയ്ക്കകം ഹരജി പരിഗണിക്കണമെന്നാണ് ആവശ്യം. അന്തിമ തീരുമാനം വരുംവരെ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് രാജ്യാന്തര കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.