Sorry, you need to enable JavaScript to visit this website.

നിലമ്പൂർ പാതയുടെ മനോഹാരിത ട്വീറ്റ് ചെയ്ത് പിയൂഷ് ഗോയൽ

ന്യൂദൽഹി- മരങ്ങളും കൊച്ചു വനങ്ങളും അരുവികളും നിറഞ്ഞ നിലമ്പൂർ- ഷൊർണൂർ റെയിൽപാതയുടെ മനോഹാരിത പ്രശസ്തമാണ്. സിനിമാആൽബം നിർമാതാക്കളുടെ ഇഷ്ടപ്പെട്ട ചോയിസ് കൂടിയാണ് ഈ റെയിൽപാത. നിലമ്പൂർ പാതക്ക് കഴിഞ്ഞ ദിവസം ഒരു ദേശീയാംഗീകാരം കൂടി ലഭിച്ചു. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പാതയുടെ ചില ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. 'കേരളത്തിലെ ഏറ്റവും സുന്ദരമായ ഷൊർണൂർ-നിലമ്പൂർ പാതയിലെ ഒരു കാഴ്ച. പശ്ചിമഘട്ടത്തിന്റെ പച്ചപ്പുകൾക്കിടയിലൂടെ ഈ പാത കടന്നു പോവുന്നു,' റെയിൽവേ മന്ത്രി ട്വിറ്ററിൽ കുറിച്ചു. മൂന്ന് ഫോട്ടോകളാണ് മന്ത്രി ട്വീറ്റ് ചെയ്തത്. അയ്യായിരത്തിലേറെ ലൈക്കുകളും ഷെയറുകളുമാണ് ഫോട്ടോകൾക്ക് ലഭിച്ചത്. 

പാത ജനകീയമാക്കണമെന്നും കൂടുതൽ ടൂറിസം പദ്ധതികൾ ഇതിനായി തുടങ്ങണമെന്നും ഫോട്ടോക്കടിയിലെ കമന്റുകൾ പറയുന്നു. 
നിലമ്പൂർ പാതയിൽ വിസ്റ്റാഡോം ട്രെയിനുകൾ കൊണ്ടുവന്ന് മേഖലയെ ഒരു ടൂറിസം ഹബായി ഉയർത്താൻ സതേൺ റെയിൽവേക്ക് പദ്ധതിയുണ്ട്. പി.വി അബ്ദുൽ വഹാബിന്റെ ഇടപെടലിനെ തുടർന്ന് റെയിൽവേ ഒരു സാധ്യതാ പഠനം തുടങ്ങിവെക്കുകയും ഉന്നത ഉദ്യോഗസ്ഥർ പാതയിലെ വിവിധ സ്‌റ്റേഷനുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. പിയൂഷ് ഗോയലിന്റെ ഇടപെടൽ പാതക്ക് ഗുണം ചെയ്യുമെന്ന് അബ്ദുൽ വഹാബ് പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം നിലമ്പൂർ പാതയിൽ സിനിമാ ഷൂട്ടിംഗും പുനരാരംഭിച്ചിട്ടുണ്ട്.
 

Latest News