ജാംഷെഡ്പൂർ- കന്നുകാലി വ്യാപാരികളായ മൂന്നു മുസ്ലിം യുവാക്കളെ ജാർഖണ്ഡിൽ അടിച്ചുകൊന്നു. നൂറോളം വരുന്ന അക്രമി സംഘം കലാപസമാനമായ സഹചര്യം സൃഷ്ടിച്ചാണ് വ്യാപാരികളെ അടിച്ചുകൊന്നത്. ഹാൽദിപൊഖാറിൽനിന്ന് രാജ്‌നഗറിലേക്ക് കന്നുകാലികളെ വാങ്ങാൻ പോകുമ്പോഴാണ് സംഭവം. ശൈഖ് നയിം(35), ശൈഖ് സജ്ജു(25), ശൈഖ് സിറാജ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം ഹാലിം എന്നു പറയുന്ന ഒരാൾ കൂടിയുണ്ടായിരുന്നെങ്കിലും അയാളെ പറ്റി ഇതേവരെ വിവരം ലഭിച്ചിട്ടില്ല. ഈ മേഖലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാണെന്ന് വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് ആരോപിച്ചായിരുന്നു ക്രൂരത.
രാജ്‌നഗറിൽനിന്ന് കാലികളെ വാങ്ങി ഹാൽദിപൊഖാറിൽ നടക്കുന്ന ചന്തയിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു ഇവരുടെ പതിവ്. കാലികളെ വാങ്ങാൻ പോകുമ്പോൾ ഹെസൽ എന്ന ഗ്രാമത്തിൽ നൂറോളം പേർ ഇവരെ തടഞ്ഞു. നാലംഗ സംഘം ഇവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്തുടർന്നെത്തിയ സംഘം ധാരു എന്ന ഗ്രാമത്തിൽ കാർ തടഞ്ഞുനിർത്തി മർദ്ദനം അഴിച്ചുവിടുകയായിരുന്നു. നയീം ഒഴികെയുള്ളവർ ഇവിടെനിന്ന് രക്ഷപ്പെട്ട് ഷോഭാപൂർ എന്ന ഗ്രാമത്തിലെ ഒരു വീട്ടിൽ ഇവർ അഭയം തേടിയെങ്കിലും അക്രമി സംഘം പിന്തുടർന്നെത്തി അടിച്ചുകൊല്ലുകയായിരന്നു. പോലീസ് സംഘം ഇവരെ തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ പോലീസുകാരെയും അക്രമിച്ചു. പോലീസ് ജീപ്പും കൊല്ലപ്പെട്ടവർ സഞ്ചരിച്ച കാറും അഗ്നിക്കിരയാക്കി. ജാർഖണ്ഡിൽ പശുവിന്റെ പേരിൽ കഴിഞ്ഞമാർച്ചിൽ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു.