പമ്പ- മലകയറാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ശബരിമല കയറാനെത്തി തിരിച്ചിറങ്ങിയ യുവതികള്‍. വീണ്ടും മലകയറ്റാമെന്ന് പോലീസ് ഉറപ്പു തന്നതിനെ തുടര്‍ന്നാണ് തിരിച്ചിറങ്ങുന്നതെന്നും ആര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും യുവതികളിലൊരാളായ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. കനക ദുര്‍ഗയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതുകൊണ്ടാണ് തിരികെയിറക്കിയതെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.
റസ്റ്റ് റൂമിലേക്ക് എന്നുപറഞ്ഞ് പോലീസ് തന്ത്രപരമായി മാറ്റാനാണ് ശ്രമിച്ചത്. ഇതിന് മുമ്പ് വന്ന സ്ത്രീകളോടും ഇതുതന്നെയാണ് ചെയ്തത്. പ്രതിഷേധക്കാരെ മാറ്റി തങ്ങള്‍ക്ക് മലകയറാന്‍ വഴിയൊരുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു.
ഭക്തരുടെ ഭാഗത്തുനിന്ന് പ്രതിഷേധം കനത്തതോടെ ബലം പ്രയോഗിച്ചാണ് യുവതികളെ പോലീസ് തിരിച്ചിറക്കിയത്. യുവതികള്‍ അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ടിരുന്നു. യുവതികളെ വലിച്ചിഴച്ചാണ് പോലീസ് ആംബുലന്‍സില്‍ കയറ്റിയത്.
പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരക്കാണ് ഇവര്‍ പമ്പയിലെത്തിയത്.