ബെംഗളുരു- വൈകുന്നേരം നടക്കാനിറങ്ങിയ മുതിര്‍ന്ന ബെംഗളുരു പോലീസ് ഓഫീസറുടെ മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്നും തട്ടിപ്പറിച്ച് കൊള്ളസംഘം കടന്നു. വെള്ളിയാഴ്ച ബെംഗളുരു എച്എസ്ആര്‍ ലേഔട്ടിലാണ് സംഭവം നടന്നത്. പോലീസ് കംപ്യൂട്ടര്‍ വിങ് എഡിജിപി സജ്ഞയ് സഹായുടെ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്. സഹായിയുടെ വീടിനടുത്തു വച്ചാണ് നടക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മൊബൈല്‍ തട്ടിയത്. എന്തെങ്കിലും ചെയ്യാനാകും മുമ്പ് സംഘം കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുളള അന്വേഷണത്തിലാണ് പോലീസ്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാനുളള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. സമാന കുറ്റകൃത്യങ്ങളില്‍ നേരത്തെ അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല. മൊബൈല്‍ ഫോണുകളും മാലകളും ഇത്തരത്തില്‍ തട്ടിപ്പറിച്ചു മുങ്ങുന്ന സംഭവങ്ങളാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍.