ദുബായ്- 2019 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും. പ്രവാസി മലയാളികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ പ്രഥമ മേഖലായ സമ്മേളനം ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായില്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി യുഎഇയിലെത്തുന്നതെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല തുടങ്ങിയവരും ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും 200 ലോക കേരളാ സഭാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. ദുബായിലെ സമ്മേളന വേദി എവിടെയാണെന്ന് നിശ്ചിയിച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്നറിയുന്നു.
ലോകത്ത് വിവിധ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ഈ വര്‍ഷം ജനുവരിയില്‍ തിരുവനന്തപുരത്തായിരുന്നു. അടുത്ത സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുബായില്‍ പ്രാഥമിക യോഗം ചേര്‍ന്നതായി നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്കു പുറമെ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താല്‍പര്യമുള്ളവര്‍ക്കും ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. സമ്മേളനത്തിന് അന്തിമ രൂപം ആയിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.