ന്യൂദല്‍ഹി- ഗുജറാത്തിലെ ജസ്ദാന്‍ നിയമസഭാ മണ്ഡലത്തിലും ജാര്‍ഖണ്ഡിലെ കൊലെബിറ മണ്ഡലത്തിലും യഥാക്രമം ബിജെപിക്കും കോണ്‍ഗ്രസിനും തിളക്കമാര്‍ന്ന ജയം. ജസ്ദാനില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വര്‍ജി ബവാലിയ 19,985 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. നേരത്തെ അഞ്ച് തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന കുന്‍വര്‍ജി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാര്‍ട്ടി മാറിയെങ്കിലും കുന്‍വര്‍ജി തന്നെ വീണ്ടും എംഎല്‍എയായി. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി ഈ മണ്ഡലത്തില്‍ 1960നു ശേഷം ഇതു മൂന്നാം തവണയാണ് ബിജെപി ജയിക്കുന്നത്.
കൊലെബിറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ വിക്‌സല്‍ കൊംഗാഡി 9,500 വോട്ടിനും ജയിച്ചു. 15 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് ഈ സീറ്റ് തിരിച്ചുപിടിച്ചത്. സിറ്റിങ് എംഎല്‍എയായിരുന്ന ജാര്‍ഖണ്ഡ് പാര്‍ട്ടി നേതാവ് ഇനോസ് ഇക്കയെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ ബിജെപിയേയും ജാര്‍ഖണ്ഡ് പാര്‍ട്ടിയേയും പിന്നിലാക്കിയാണ് കോണ്‍ഗ്രസ് മുന്നേറ്റം.