ലക്‌നൗ- ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന ഹനുമാനെക്കുറിച്ചുളള ചർച്ചയിൽ പുതിയ ട്വിസ്റ്റ്. ക്രിക്കറ്റ് താരം ചേതൻ ചൗഹാനാണ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹനുമാൻ കായിക താരമാണെന്നും ജാതി കാര്യമാക്കേണ്ടെന്നുമാണ് മുൻ ദേശീയ താരം പറയുന്നത്.
'ഇന്നും ഒരുപാട് കായികതാരങ്ങളുടെ ആരാധനാപാത്രമാണ് ഹനുമാൻ. എതിരാളികളോട് മൽപ്പിടുത്തം നടത്തുന്ന ആളായിരുന്നു ഹനുമാൻ. അതുകൊണ്ട് തന്നെ, രാജ്യത്തെ കായികതാരങ്ങൾ ഊർജവും വിജയവും ലഭിക്കാൻ വേണ്ടി ഹനുമാനെ ആരാധിക്കുന്നു,' ചേതൻ ചൗഹാൻ പറഞ്ഞു.
ഹനുമാന് ജാതിയില്ലെന്നും താൻ ഹനുമാനെ ദൈവമായാണ് പരിഗണിക്കുന്നതെന്നും ചൗഹാൻ പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിലവിലെ ചർച്ചകൾക്ക് തുടക്കമിട്ടത്. ഹനുമാൻ ദളിത് ആയിരുന്നു എന്നായിരുന്നു യോഗിയുടെ വാദം. തൊട്ടു പിറകെ ഹനുമാൻ മുസ്‌ലിമാണെന്ന വാദവുമായി ബി.ജെ.പി പ്രതിനിധി ബുക്കൽ നവാബെത്തി. ഹനുമാൻ ജാട്ട് സമുദായത്തിൽ പെട്ട ആളാണെന്നായിരുന്നു ബി.ജെ.പി മന്ത്രി ലക്ഷ്മി നാരായണൻ ചൗധരിയുടെ വാദം.