നൊന്തുപെറ്റ മാതാവിന് കുഴിമാടമൊരുക്കി ഒരാൾ കാത്തിരിപ്പുണ്ടിവിടെ. മകനാണത്രേ. മലപ്പുറം ജില്ലയിലെ തിരുന്നാവായ കൊടക്കലിലെ പി.കെ. പടിയിലാണ് നാടിനെ നാണിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന കാഴ്ച.
പി.കെ. പടിയിലെ പാതയോരത്ത് കുഴിമാടവും കുഴിമറക്കുള്ള അനുബന്ധ സാമഗ്രികളും കരുതിവെച്ചത് നാട്ടുകാരെയും ഏറെ വേദനിപ്പിക്കുന്നു. എഴുപതുകാരിയായ മാതാവ് മണ്ണുപറമ്പിൽ ഫാത്തിമയ്ക്ക് ഖബർ ഒരുക്കിയിരിക്കുന്നത് മൂത്ത മകനും എൻജിനീയറിങ്ങ് ബിരുദധാരിയുമായ മകൻ സിദ്ദീഖാണ്. പ്രായം തളർത്തിയെങ്കിലും സ്വന്തം കാര്യങ്ങൾക്കായി എഴുന്നേറ്റ് നടക്കുന്ന മാതാവ് കൺമുന്നിൽ കുഴിച്ച കുഴിമാടം കാണാതിരിക്കാൻ മറ്റൊരു മകൻ ഷീറ്റുകൾ കൊണ്ട് കുഴിമാടത്തിന്റെ കാഴ്ച മറച്ചുവെച്ചിരിക്കുന്നു.
മാതാവിന്റെ സ്വത്തുക്കൾ അനുജനും അമ്മാവനും തട്ടിയെടുത്തുവെന്നാരോപിച്ചാണ് മൂത്ത മകൻ കുഴിമാടമൊരുക്കിയത്. കോടികളുടെ സ്വത്തുക്കൾ പാരമ്പര്യമായുള്ള കുടുംബമാണിത്. പക്ഷെ കുഴിമാടമൊരുക്കിയുള്ള മകന്റെ കാത്തിരിപ്പ് മണ്ണുപറമ്പിൽ കുടുംബത്തെയാകെ തളർത്തിയിരിക്കുന്നു.
മൂത്ത മകന്റെയും രണ്ടാമത്തെ മകന്റെയും വീട് അടുത്തടുത്താണ്. ഇതിൽ മധ്യഭാഗത്ത് റോഡിനോട് ചേർന്നാണ് കുഴിമാടം പണി കഴിച്ചിരിക്കുന്നത്.
പാറ നിറഞ്ഞ ഭാഗത്ത് ഒരാൾനീളത്തിൽ കുഴി വെട്ടി ഒതുക്കിയത് സിദ്ദീഖ് തന്നെ.
ഖബറടക്കം കഴിഞ്ഞാൽ മുകളിൽ രണ്ടറ്റത്തായി സ്ഥാപിക്കാനുള്ള മീസാൻ കല്ലും കുഴിയിൽ കരുതിവെച്ചിട്ടുണ്ട്.
സഹോദരങ്ങൾക്ക് മുന്നറിയിപ്പ് നൽകി കൊണ്ടുള്ള ഫ്‌ളക്‌സ് കുഴിമാടത്തിനരികെ കെട്ടിയതും കാണാം.
ഏകദേശം ഒരു വർഷം മുമ്പാണ് ഇയാൾ മാതാവിനായി കുഴിമാടം ഒരുക്കിയത്.
എന്നാൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് വനിതാ കമ്മീഷന്റെ സിറ്റിങ്ങിൽ മാതാവിന്റെ പരാതി എത്തിയപ്പോഴാണ് മനസ്സ് വേദനിക്കുന്ന വാർത്ത പുറംലോകമറിഞ്ഞത്.
ഫാത്തിമക്ക് അഞ്ചു മക്കളാണ്. ഇതിൽ ഒരു പെൺകുട്ടി നേരത്തെ മരിച്ചു. ബാക്കിയുള്ളത് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണ്.
ലക്ഷപ്രഭുവും എഞ്ചിനീയറിങ്ങ് ബിരുദധാരിയുമായ മകൻ ഇങ്ങനെ ചെയ്തതിൽ നാട്ടുകാരും വീട്ടുകാരും ദുഃഖിതരാണ്. വൃദ്ധസദനങ്ങൾ കേരളത്തിൽ ഉയരുന്നതിനെതിരെ എങ്ങും ഘോരഘോരം ശബ്ദമുയർത്തുമ്പോഴാണ് സ്വന്തം വീടിന് മുന്നിൽ മാതാവിനായി കുഴിമാടവും ഒരുക്കി ഇയാൾ കാത്തിരിക്കുന്നത്. നാട്ടുകാർ, മസ്ജിദ് കമ്മിറ്റി, ബന്ധുക്കൾ എല്ലാവരും ചർച്ചകൾ നടത്തിയെങ്കിലും അതൊക്കെ പരാജയപ്പെട്ടതോടെയാണ് തന്നെ നാണംകെടുത്താൻ മകൻ കുഴിച്ച കുഴിക്കെതിരെ മാതാവ് വനിതാ കമ്മീഷനെ സമീപിച്ചത്.