പത്തനംതിട്ട- ശബരിമല ക്ഷേത്രത്തില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പദര്‍ശനത്തിന് തമിഴനാട്ടില്‍ നിന്നെത്തിയ യുവതികളടങ്ങിയ മനിതി സംഘത്തെ പമ്പയില്‍ പോലീസ് തടഞ്ഞു. പുലര്‍ച്ചെ മൂന്നോടെയാണ് ഇവര്‍ പമ്പയിലെത്തിയത്. പമ്പയില്‍ നിന്ന് മുകളിലേക്കുളള വഴിയില്‍ പ്രതിഷേധക്കാര്‍ നില്‍പ്പുറപ്പിച്ചതിനാല്‍ കയറ്റിവിടാനാവില്ലെന്ന നിലപാടിലാണ് പോലീസ്. അതേസമയം അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്നാണ് തീരുമാനമെന്ന് മനിതി സംഘം നേതാവ് സെല്‍വി പറഞ്ഞു. ഇവര്‍ പമ്പയില്‍ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 11 പേരാണ് സംഘത്തിലുള്ളത്. തങ്ങള്‍ ആക്ടിവിസ്റ്റുകളല്ലെന്നും വിശ്വാസികളാണെന്നും ഇവര്‍ വ്യക്തമാക്കി. വിശ്വാസികളുടെ മറ്റൊരു സംഘവും കൂടി എത്തുമെന്നും സെല്‍വി പറഞ്ഞു. പമ്പയിലെത്തിയ 11 പേരില്‍ ഇരുമുടിക്കെട്ടുള്ളവര്‍ ആറു പേരാണ്. ഇവര്‍ മാത്രമെ പതിനെട്ടാം പടി കയറൂവെന്നും ബാക്കിയുള്ളവര്‍ ഇവരെ സന്നിധാനം വരെ അനുഗമിക്കുക മാത്രമെ ചെയ്യൂവെന്നും ഇവര്‍ പറയുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.