Sorry, you need to enable JavaScript to visit this website.

നാൽപത് ഇനങ്ങൾക്ക് ജി.എസ്.ടി നിരക്ക് കുറച്ചു

ന്യൂദൽഹി- പച്ചക്കറികൾ, സിനിമാ ടിക്കറ്റുകൾ, 32 ഇഞ്ച് ടെലിവിഷൻ, പവർ ബാങ്ക്, ഡിജിറ്റൽ കാമറ, വീഡിയോ ഗെയിം, വീൽ ചെയർ എന്നിവ മുതൽ തീർഥാടകർക്കുള്ള വിമാന ടിക്കറ്റ്, ഉപയോഗിച്ച ടയറുകൾ വരെ 40 ഇനങ്ങൾക്കു ചരക്കു സേവന നികുതി (ജിഎസ്ടി) നിരക്കു കുറച്ചു. പതിനെട്ടു ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന 33 ഉത്പന്നങ്ങളുടെ നിരക്ക് 12, അഞ്ചു ശതമാനമായി കുറച്ചു. അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ, ജൻ ധൻ, ഐ.ഐ.എം കോഴ്‌സുകൾ, ശീതികരിച്ച പച്ചക്കറി എന്നിവയെ നികുതിയിൽനിന്നു പൂർണമായി ഒഴിവാക്കി. 
കൂടിയ 28 ശതമാനം നികുതി ഉണ്ടായിരുന്ന ആറ് ഉത്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറച്ചു. എന്നാൽ എസി, ഡിഷ് വാഷർ എന്നിവ അടക്കം 22 ഉത്പന്നങ്ങൾ 28 ശതമാനം സ്ലാബിൽ ഇനിയും ശേഷിക്കുന്നുണ്ട്. സിമന്റ് വ്യവസായത്തിലെ എട്ട് ഇനങ്ങൾക്കും ഓട്ടോമൊബൈൽ പാർട്ടുകളിലെ മൂന്ന് ഇനങ്ങൾക്കും 28 ശതമാനം നികുതി തുടരും.
വീൽ ചെയറിന്റെ നികുതി 28ൽ നിന്ന് 12 ശതമാനമായി ഇളവു ചെയ്തു. ഇതിനു പുറമേ രണ്ടു സ്ലാബുകളുണ്ടായിരുന്ന ചെരുപ്പിനു നിരക്ക് 12 ശതമാനമായി ഏകീകരിച്ചു. തേർഡ് പാർട്ടി ഇൻഷ്വറൻസിന് ജിഎസ്ടി 12 ശതമാനമാക്കി. തീർഥാടകർക്കായുള്ള വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റിന് അഞ്ചു ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റിന് 12 ശതമാനവുമായി ജിഎസ്ടി കുറച്ചു. ബില്യാർഡ്‌സ്, സ്‌നൂക്കർ എന്നിവയുടെ നികുതിയും കുറയും.
പുതിയ ജിഎസ്ടി നിരക്കുകൾ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാകും. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ഇന്നലെ ഡൽഹിയിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണു തീരുമാനം. ഇന്നലത്തെ നിരക്ക് കുറവിലൂടെ മൊത്തം 5,500 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. റിയൽ എസ്‌റ്റേറ്റ് മേഖലയിലെ ജിഎസ്ടിയെക്കുറിച്ച് അടുത്ത യോഗം ചർച്ച ചെയ്യും.
കേരളത്തിലെ പ്രളയ പുനർനിർമാണത്തിനു ഫണ്ട് സ്വരൂപിക്കാനായി പ്രത്യേക സെസ് ഏർപ്പെടുത്തണമെന്ന നിർദേശത്തിൽ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും അവരുടെ തീരുമാനം അറിയിക്കാത്തതിനെ തുടർന്നാണിത്. അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നുമാണു പ്രതീക്ഷയെന്നു സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുന്ന സിമന്റിന്റെ നികുതി കുറയ്ക്കുന്ന കാര്യവും  പരിഗണിച്ചില്ലെന്നു മന്ത്രി തോമസ് അറിയിച്ചു.
 

Latest News