പത്തനംതിട്ട- തമിഴ്‌നാട്ടിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന് ഹിന്ദു ഐക്യവേദി. വനിതകളെ കോട്ടയം കടക്കാൻ അനുവദിക്കില്ല എന്നാണ് തീവ്ര ഹിന്ദു സംഘടനയുടെ ഭീഷണി. തമിഴ് സ്ത്രീകൾക്ക് തൃപ്തി ദേശായിയുടെ ഗതി വരുമെന്നാണ് ഹിന്ദു ഐക്യവേദി നേതൃത്വം പറയുന്നത്. 'അയ്യപ്പ ഭക്തർ ജാഗരൂകരാണ്. ഇവർ എവിടെപ്പോയാലും അവിടെ ഭക്തർ ഇവരെ വളയും. തൃപ്തി ദേശായി എയർപോർട്ടിൽ കുടുങ്ങിയ പോലെ കുടുങ്ങും,' ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ്്് ബിജു പറഞ്ഞു.
മനിതിക്ക് മാവോയിസ്റ്റുകളെയും നക്‌സലൈറ്റുകളെയും പോലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജു ആരോപിച്ചു. അതേസമയം, തങ്ങളുടെ പദ്ധതികളിൽ മാറ്റമില്ലെന്നും 23 ന് ശബരിമലയിലേക്ക് പുറപ്പെടുമെന്നും മനിതി ഭാരവാഹികൾ അറിയിച്ചു. സംഘം ഇന്ന്് ചെന്നെയിൽ നിന്ന്് പുറപ്പെടുമെന്നാണ് സൂചന. മുപ്പതംഗ മനിതി സംഘത്തിൽ പതിനഞ്ചോളം പേർ അമ്പത് വയസ്സിന് താഴെയുളളവരാണെന്നാണ് റിപ്പോർട്ട്.