ചെന്നൈ- തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം പ്രഖ്യാപിച്ച് തമിഴ് നടൻ കമൽ ഹാസൻ. കമലിന്റെ പാർട്ടി മക്കൾ നീതി മയ്യം 2019 ലോക്‌സഭാ തെരഞ്ഞടുപ്പിൽ മൽസരിക്കും. സമാനമനസ്‌കരായ പാർട്ടികൾക്കൊപ്പം ചേർന്ന് തെരഞ്ഞെടുപ്പ്് നേരിടാനാണ് കമലിന്റെ തീരുമാനം. തന്റെയും പാർട്ടിയുടെയും തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ തമിഴ്‌നാടിന്റെ വികസന പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമൽ ഹാസൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
'തെരഞ്ഞടുപ്പിൽ മൽസരിക്കാനാണ് തീരുമാനം. പുതിയ കമ്മിറ്റി ഉടൻ രൂപീകരിച്ച്് പ്രവർത്തനം ആരംഭിക്കും. സ്ഥാനാർത്ഥി നിർണയം ഈ കമ്മറ്റിയുടെ മേൽനോട്ടത്തിൽ നടക്കും.' കമൽ പറഞ്ഞു.
കമലിന്റെ പാർട്ടി ഈ വർഷം ഫെബ്രുവരിയിലാണ് നിലവിൽ വന്നത്. പാർട്ടി നിലവിൽ വരുന്നതിന് മുമ്പു തന്നെ കമൽ തമിഴ്‌നാട് സർക്കാരിന്റെയും എ.ഐ.എ.ഡി.എം.കെയുടെയും നിശിത വിമർശകനായിരുന്നു. ബി.ജെ.പി പാളയത്തിലേക്ക് കമൽ ചേക്കേറില്ലെന്നാണ് കരുതുന്നത്. കാവി എന്റെ നിറമല്ല എന്ന് തമിഴ് നടൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നടൻ രജനീകാന്തും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു.