മുംബൈ- ആഗോള വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിലും വൻ തകർച്ച. ബോംബെ സെൻസെക്‌സിലും, നിഫ്റ്റിയിലും രണ്ട് ശതമാനത്തോളം ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. സെൻസെക്‌സ് 689.6 പോയന്റ് ഇടിഞ്ഞ് 35742.07ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 197.7 പോയന്റ് ഇടിഞ്ഞ് 10,754ലും. ഒരു ഘട്ടത്തിൽ നിഫ്റ്റി 736.93 പോയന്റ് വരെ താഴ്ന്നിരുന്നു.
ഇന്നലെ രാവിലെ ഏഷ്യൻ വിപണികളിൽ ഇടിവ് കണ്ടതിനെ തടുർന്ന് ഇന്ത്യൻ വിപണിയിൽ വിൽപന സമ്മർദം അനുഭവപ്പെട്ടതാണ് തകർച്ചക്ക് കാരണം. ഐ.ടി, ബാങ്കിംഗ്, ഓട്ടോ തുടങ്ങിയ പ്രമുഖ സെക്ടറുകളിലെല്ലാം സൂചിക താഴേക്ക് വന്നു. നിഫ്റ്റിയിലെ 50 ഓഹരികളിൽ 45 ന്റെയും വില താഴ്ന്നു. അമേരിക്കയിലെ ഫെഡറൽ റിസർവ് പ്രതിസന്ധിയും, യു.എസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ആശങ്കകൾ തുടരുന്നതുമാണ് ആഗോള വിപണികളെ പ്രതികൂലമായി ബാധിച്ചത്.
വിപണിയുടെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ രൂപയും ഇടിവ് നേരിട്ടു. ഡോളറിന് 52 പൈസയാണ് ഇന്നലെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്. 70.22 ആയിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.