ന്യൂദൽഹി- സ്ഥലനാമ മാറ്റ ചലഞ്ച് നടക്കുന്ന ഉത്തർപ്രദേശിൽ ഒരു ചരിത്ര പട്ടണത്തിന്റെ കൂടി പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ്. സുൽത്താൻപുരിനെ ഖുശ്ഭവൻ പുരാക്കി മാറ്റണമെന്നാവശ്യപ്പെടുന്നത് ബി.ജെ.പി എം.എൽ.എ കൂടിയായ ദേവ്മണി ദ്വിവേദിയാണ്. സുൽത്താൻപുരിന് ആ നാമം നൽകിയത് ദൽഹി ഭരിച്ചിരുന്ന ഖിൽജി രാജവംശമാണെന്നും, ആ സ്ഥലത്തിന്റെ യഥാർഥ പേര് ഖുശ്ഭവൻ പുരാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ദ്വിവേദിയുടെ വാദം. കാളിദാസന്റെ മഹാകാവ്യമായ രഘുവംശത്തിലും, സുൽത്താൻപുരിന്റെ തന്നെ ഗസറ്റിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ചരിത്ര നഗരങ്ങളായ അലഹബാദിനെ പ്രയാഗ്‌രാജ് എന്നും, ഫൈസാബാദിനെ അയോധ്യയെന്നും പുനർനാമകരണം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ മറ്റ് പല സ്ഥലങ്ങളുടെയും പേര് മാറ്റണമെന്നാവശ്യപ്പെട്ട് സംഘപരിവാർ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.