റിയാദ് - താമസസ്ഥലം മാറേണ്ടിവരുന്ന നിലക്കുള്ള സ്വകാര്യ മേഖലാ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾക്ക് തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കുന്ന പരിഷ്കരിച്ച നിയമാവലി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അംഗീകരിച്ചു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും പ്രഖ്യാപിച്ച മുഴുവൻ തീരുമാനങ്ങളും പരിഷ്കരിച്ച നിയമാവലിയിൽ ക്രോഡീകരിക്കുകയും ക്രമീകരിക്കുകയും ചെയ്തതായി സൗദി കൗൺസിൽ ഓഫ് ചേംബേഴ്സിലെ തൊഴിൽ വിപണി കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ മൻസൂർ അൽശത്രി പറഞ്ഞു.
ആഗോള തലത്തിൽ സൗദി തൊഴിൽ വിപണിയുടെ കീർത്തി ഉയർത്തുന്നതിനും കൂടുതൽ സ്വദേശികളെ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കുന്നതിനും പരിഷ്കരിച്ച നിയമാവലി സഹായകമാകും. തൊഴിലാളികളുടെയും വേലക്കാരികളുടെയും പാസ്പോർട്ടുകളും മെഡിക്കൽ ഇൻഷുറൻസ് കാർഡുകളും തൊഴിലുടമകൾ കൈവശം വെക്കുന്നത് പരിഷ്കരിച്ച നിയമാവലി പാടെ വിലക്കുന്നു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തയാറാക്കിയ പ്രത്യേക ഫോറത്തിൽ ഒപ്പുവെച്ച ശേഷം തൊഴിലാളികളുടെ പാസ്പോർട്ടുകളും മെഡിക്കൽ ഇൻഷുറൻസ് കാർഡുകളും കസ്റ്റഡിയിൽ വെക്കുന്നതിന് പഴയ നിയമാവലി തൊഴിലുടമകളെ അനുവദിച്ചിരുന്നു. ആഭ്യന്തര തൊഴിൽ നിയമാവലിയായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തയാറാക്കിയ മോഡൽ നിയമാവലി സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ സ്വന്തം നിലക്ക് ആഭ്യന്തര തൊഴിൽ നിയമാവലി തയാറാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾ ആഗ്രഹിക്കുന്ന പക്ഷം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള നിയമ സ്ഥാപനങ്ങൾ വഴി നിയമാവലി പുനഃപരിശോധിച്ച് അറ്റസ്റ്റ് ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.