Sorry, you need to enable JavaScript to visit this website.

ബാലികയെ പീഡിപ്പിച്ച കേസില്‍ ബിഹാര്‍ എം.എല്‍.എക്ക് ജീവപര്യന്തം തടവ്; നിയമസഭാംഗത്വം നഷ്ടമായി

പട്‌ന- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഹാറിലെ ആര്‍ജെഡി എംഎല്‍എ രാജ് ബല്ലഭ് യാദവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ നിയമസഭാംഗത്വം നഷ്ടമാകും. ബിഹാറിലെ പ്രതിപക്ഷ കക്ഷിയായ ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി)ന്റെ നവാഡയില്‍ നിന്നുള്ള സാമാജികനാണ് രാജ് ബല്ലഭ്. പട്‌നയിലെ കോടതി ഈ കേസില്‍ പ്രതികളായ രാജ് ബല്ലഭിനേയും മറ്റു അഞ്ചു പേരേയും ഡിസംബര്‍ 15ന് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പ് (ബലാല്‍സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്‌സോ) എന്നീ നിയമങ്ങള്‍ പ്രകാരമാണ് ശിക്ഷി വിധിച്ചത്.

2016ലാണ് കേസിനാസ്പദമായ സംഭവം. നവാഡ എംഎല്‍എയായ രാജ് ബല്ലഭ് ബിഹാര്‍ ശരീഫിലെ തന്റെ വീട്ടില്‍ വച്ച് 2016 ഫെബ്രുവരി ആറിന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. ജന്മദിന പാര്‍ട്ടിക്കെന്ന പേരില്‍ സുലേഖ എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ എംഎല്‍എയുടെ വീട്ടിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് 2016 ഫെബ്രുവരി 14ന് രാജ് ബല്ലഭിനെ ആര്‍ജെഡിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കെതിരെ വധ ഭീഷണിയും ഉണ്ടായിരുന്നു. കേസിനെ തുടര്‍ന്ന് രാജ് ബല്ലഭ് കുറെ കാലം ഒളിവില്‍ പോകുകുയം ചെയ്തിരുന്നു. കീഴടങ്ങാത്തതിനെ തുടര്‍ന്ന് എംഎല്‍എയുടെ സ്വത്തു വഹകള്‍ കണ്ടുകെട്ടണമെന്ന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഒടുവില്‍ രാജ് ബല്ലഭ് കോടതിയിലെത്തി കീഴടങ്ങിയത്. പട്‌ന ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇത് 2016 നവംബര്‍ 24ന് തന്നെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
 

Latest News