റബാത്ത് - മൊറോക്കോയിൽ സ്‌കാൻഡിനേവ്യൻ ടൂറിസ്റ്റുകളായ രണ്ട് യുവതികൾ കൊല്ലപ്പെട്ടതിന് പിന്നിൽ ഭീകരരാണെന്ന് സംശയിക്കുന്നതായി അധികൃതർ. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത മൊറോക്കൻ പോലീസ്, ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. പ്രതികളിൽ ഒരാൾ ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ കേസുള്ളയാളാണെന്നും പോലീസ് പറഞ്ഞു. പ്രതികൾ മൂന്നുപേരും മൊറോക്കോയിലെ ടൂറിസ്റ്റ് നഗരമായ മരാക്കേഷ് സ്വദേശികളാണ്. തെക്കൻ മൊറോക്കോയിലെ ഹൈ അറ്റ്‌ലസ് പർവത നിരകളിൽ തിങ്കളാഴ്ചയാണ് യുവതികളുടെ മൃതദേഹങ്ങൾ കാണപ്പെട്ടത്. ഡെന്മാർക്കുകാരിയും വിദ്യാർഥിനിയുമായ ലൂസിയ വെസ്റ്റരാഗർ യെസ്‌പേഴ്‌സൺ (24), നോർവേക്കാരിയായ മാരിൻ യൂലാന്റ് (28) എന്നിവരുടെ മൃതദേഹങ്ങൾ പർവതത്തിലെ വിജനമായ സ്ഥലത്ത് ഉറപ്പിച്ചിരുന്ന ടെന്റിന് സമീപം കണ്ടെത്തുകയായിരുന്നു.
അതിനിടെ ഒരാളെ കൊലപ്പെടുത്തുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.