Sorry, you need to enable JavaScript to visit this website.

റൺവേക്കു മുകളിൽ ഡ്രോൺ, ഗാറ്റ്‌വിക്  വിമാനത്താവളം അടച്ചു

ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളം സുരക്ഷാ കാരണങ്ങളാൽ അടച്ചതിനെത്തുടർന്ന് യാത്ര മുടങ്ങിവർ നിലത്ത് കാത്തിരിക്കുന്നു.

ലണ്ടൻ- നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളമായ ഗാറ്റ്‌വിക് എയർപോർട്ട് റൺവേക്ക് മുകളിലൂടെ ഡ്രോൺ പറക്കുന്നത് കണ്ട് പെട്ടെന്ന് അടച്ചു. നൂറുകണക്കിന് വിമാനങ്ങൾ വരുന്നതും പോകുന്നതും മുടങ്ങിയതോടെ പതിനായിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. ക്രിസ്മസ്, പുതുവൽസര വേളയായതിനാൽ വലിയ തിരക്കായിരുന്നു വിമാനത്താവളത്തിൽ. ഇവിടേക്ക് വന്ന മറ്റ് വിമാനങ്ങൾ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
ബുധനാഴ്ചയാണ് വിമാനത്താവളത്തിലെ ഏക റൺവേക്കു മുകളിൽ ആദ്യമായി ഡ്രോൺ കാണുന്നതെന്ന് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്രിസ് വുഡ്‌റൂഫ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ അതിനെ വീണ്ടും കണ്ടു. ഈ സാഹചര്യത്തിൽ വിമാനത്താവളം പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡ്രോണിനു നേരെ വെടിവെക്കുന്നതും അപകടമായതിനാൽ അത്തരമൊരു സാഹസത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ മുതിർന്നില്ല. ആരാണ് ഡ്രോൺ അയച്ചതെന്ന അന്വേഷണത്തിലാണ് പോലീസ്. ഇരുപതോളം അന്വേഷണ സംഘങ്ങളാണ് ഇതിനായി രംഗത്തുള്ളത്.
എന്നാൽ ഡ്രോൺ അയച്ചത് ആരുടെയോ കളിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിനു പിന്നിൽ ഭീകര ബന്ധമുള്ളതായി ഒരു സൂചനയുമില്ലെന്നും, വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ആരോ ചെയ്തതായിരിക്കുമെന്നാണ് തോന്നുന്നതെന്നും സസക്‌സ് പോലീസ് സൂപ്രണ്ട് ജസ്റ്റൻ ബർട്ടൻ ഷാ പറഞ്ഞു.
ലണ്ടൻ നഗരഹൃദയത്തിന് 50 കിലോമീറ്റർ തെക്കുള്ള ഗാറ്റ്‌വിക് ലോകത്തെ തന്നെ ഏറ്റവും തിരക്കുള്ള എട്ടാമത്തെ വിമാനത്താവളമാണ്. മുംബൈ കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ഒറ്റ റൺവേ വിമാനത്താവളവും. ഇന്നലെ മാത്രം 760 സർവീസുകളാണ് ഇവിടേക്ക് വന്നുപോകേണ്ടിയിരുന്നത്. 1.1 ലക്ഷം യാത്രക്കാരും.

Latest News