തിറാന- പാര്‍ലമെന്റില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ അല്‍ബേനിയന്‍ പ്രധാനമന്ത്രി എദി റമയ്ക്കു നേരെ പ്രതിപക്ഷ എം.പി മുട്ടയെറിഞ്ഞു. യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധനയ്‌ക്കെതിരെ രാജ്യത്തുടനീളം രണ്ടാഴ്ചയിലേറെയായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോടുള്ള ഐക്യദാര്‍ഢ്യമായാണ് ഈ മുട്ടയേറെന്ന് പ്രതിപക്ഷം പറഞ്ഞു. യാഥാസ്ഥിതികരുടെ പാര്‍ട്ടിയായ ഡെമോക്രാറ്റ് പാര്‍ട്ടി എം.പി എന്‍ദ്രി ഹസയാണ് പ്രധാനമന്ത്രി റമ പ്രസംഗിക്കുന്നതിനിടെ അടുത്തെത്തി മുട്ടയെറിഞ്ഞത്. റമയുടെ നെഞ്ചിനു താഴെയായാണ് ഏറു കൊണ്ടത്. ഉടന്‍ അംഗരക്ഷരെത്തി ഹസയെ പിടിച്ചുമാറ്റി വീണ്ടും മുട്ടയെറിയുന്നതില്‍ നിന്ന് തടഞ്ഞു. അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് സഭ വൈകുന്നേരം വരെ നിര്‍ത്തിവച്ചു. മുട്ടയെറിഞ്ഞ എം.പിക്ക് പത്തു ദിവസത്തെ വിലക്കേര്‍പ്പെടുത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു.
മുട്ടയേറ് പ്രധാനമന്ത്രി റമയ്ക്കുള്ള പ്രതിപക്ഷത്തിന്റെ ക്രിസ്മസ് പുതുവത്സര സമ്മാനമാണെന്ന് മുന്‍ പ്രസിഡന്റും പ്രതിപക്ഷം എംപിയുമായി സലി ബെരിഷ പരിഹസിച്ചു. മാസങ്ങളായി സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം ഇത്രയും കാലം കോഴിക്കൂട്ടില്‍ നിന്ന് മുട്ട ശേഖരിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ പ്രധാനമന്ത്രി റമ തിരിച്ചടിച്ചു.
യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകളും ഒരു പരീക്ഷ രണ്ടാം തവണ ഇംപ്രൂവ്‌മെന്റ്ിന് എഴുന്നതിനുള്ള ഫീസും കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിസംബര്‍ നാലിനു തുടങ്ങിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യത്തുടനീളം പടര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി സംവിധാനം പരിഷ്‌ക്കരിക്കുക, കാമ്പസില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. ഫീസ് വര്‍ധന പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും വസതികളിലേക്ക് പ്രതിഷേധ മാര്‍ച്ചും മുട്ടയേറും നടത്തിയിരുന്നു. ഫീസ് വര്‍ധന പിന്‍വലിക്കുക എന്നതുള്‍പ്പെടെ എട്ട് ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ എട്ടിന ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ചര്‍ച്ചയ്ക്കു തയാറാകണമെന്നും പ്രധാനമന്ത്രി റമ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഇതിനിടെയാണ് റമയ്ക്ക് നേരെ പാര്‍ലമെന്റില്‍ മുട്ടയേറും ഉണ്ടായത്.