ഗോവയില്‍ വിദേശ ടൂറിസ്റ്റ് ബലാല്‍സംഗത്തിനിരയായി 

പനാജി-ഇന്ത്യയ്ക്ക്  നാണക്കേടായി മറ്റൊരു വിദേശ ടൂറിസ്റ്റ് കൂടി ബലാത്സംഗത്തിന് ഇരയായി. തെക്കന്‍ ഗോവയിലെ പാലോളം ബീച്ചില്‍ 48 കാരിയായ ബ്രിട്ടീഷുകാരിയാണ് ആക്രമിക്കപ്പെട്ടത്. കാനക്കോണ റെയില്‍വേ സ്റ്റഷനില്‍ നിന്നും പാലോളത്തില്‍ വാടകക്കെടുത്ത താമസ്ഥലത്തേക്ക് പോകവേയാണ് സംഭവമെന്നാണ് സ്ത്രീ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ലഭിച്ച വിവരണത്തിന്റെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ചിലരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്' പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പ്രഭുദേശി പറഞ്ഞു.ആക്രമണത്തിന് ഇരയായ സ്ത്രീയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയെന്നും ഐ.പി.സി സെക്ഷന്‍ 376 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസ്റ്റ് സീസണായ ഇപ്പോള്‍ ഗോവയില്‍ നിരവധി വിദേശികളാണ് എത്തിച്ചേരുന്നത്. മിക്കയാളുകളും സീസണ്‍ അവസാനിക്കുന്ന മാര്‍ച്ചുവരെ ഇവിടെ തങ്ങാറുമുണ്ട്.ഗോവയിലെ സ്ഥിരം സന്ദര്‍ശകയാണ് ആക്രമിക്കപ്പെട്ട സ്ത്രീയെന്നാണ് പൊലീസ് പറയുന്നത്. പത്തുവര്‍ഷത്തിനിടെ നിരവധിതവണ അവര്‍ എത്തിയിട്ടുണ്ട്. 

Latest News