Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അജണ്ടകൾ  മാറുന്നു  

ഏതായാലും രാജ്യത്തെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ രാഷ്ട്രീയത്തിലെയും തെരഞ്ഞെടുപ്പിലെയും മുഖ്യ ചർച്ചാവിഷയമാകുന്നത് നല്ല കാര്യമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഷയങ്ങളേക്കാൾ തെരഞ്ഞെടുപ്പ് അജണ്ടയാവേണ്ടതും അതുതന്നെ. കർഷകനും അവന്റെ പ്രശ്‌നങ്ങൾക്കും മതവും ജാതിയുമൊന്നുമില്ലല്ലോ.


ഇന്ത്യൻ രാഷ്ട്രീയത്തിൽ പെട്ടെന്നൊരു 'യു ടേൺ' ഉണ്ടാക്കിയിരിക്കുകയാണ് ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഫലം. അതുവരെ പറയുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്ന രാഷ്ട്രീയ വിഷയങ്ങളുടെ മുൻഗണനാക്രമം അടിമുടി മാറി. അയോധ്യ, രാമക്ഷേത്രം, ഗോവധം തുടങ്ങിയ വൈകാരിക വിഷയങ്ങൾ താഴേക്ക് പോയിരിക്കുന്നു. പകരം കർഷക കടം, അവരുടെ നിലനിൽപ്പ്, സാധാരണക്കാരന്റെ മറ്റ് പ്രശ്‌നങ്ങൾ എന്നിവ മുകളിലേക്ക് കയറിവന്നു. ഇന്നല്ലെങ്കിൽ നാളെ രാജ്യത്ത് അനിവാര്യമായി സംഭവിക്കേണ്ട മാറ്റം. 
ഈ മാറ്റത്തിന്റെ ക്രെഡിറ്റ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണെന്നതിൽ തർക്കമില്ല. മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ രാഹുൽ ആവർത്തിച്ച് ജനങ്ങൾക്ക് നൽകിയത്, കേൺഗ്രസിന് അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനകം കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന വാഗ്ദാനമാണ്. കർണാടക തെരഞ്ഞെടുപ്പ് വേളയിലും തങ്ങൾ ഈ വാഗ്ദാനം നൽകിയെന്നും, അത് പാലിച്ചുവെന്നും അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. മുൻ യു.പി.എ സർക്കാർ അറുപതിനായിരം കോടി രൂപയുടെ കർഷക കടം എഴുതിത്തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയ രാഹുൽ, കോൺഗ്രസ് മാത്രമേ രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നുള്ളുവെന്നും വാദിച്ചു.
പക്ഷെ ആ സമയമെല്ലാം ഇന്ത്യൻ മാധ്യമങ്ങളിൽ പ്രധാനമായും നിറഞ്ഞുനിന്നത് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള വാർത്തകളായിരുന്നു. അതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും ആർ.എസ്.എസിനും വേണ്ടിയിരുന്നതും. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ പൊരുതുന്ന, അമ്പലവും ഗോവധവും ജനമനസ്സുകളെ സ്വാധീനിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ജയിക്കാൻ ഈയൊരു ആയുധം മാത്രം മതിയെന്ന് അവർ വിശ്വസിച്ചു. 
മോഡിയുടെയും, ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും പ്രസംഗങ്ങളുടെ ഊന്നൽ ഇത്തരം വൈകാരിക വിഷയങ്ങളായിരുന്നു. കൂടാതെ അമ്മയും മകനും ജാമ്യമെടുത്ത് നടക്കുന്നു, രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കാരണം നെഹ്രു, കോൺഗ്രസ് അറുപത് വർഷം കട്ടുമുടിച്ചു തുടങ്ങിയ സ്ഥിരം ആരോപണങ്ങളും. പ്രചാരണത്തിൽ മോഡിയേക്കാൾ ഒരു പടി കടന്ന യോഗി ആദിത്യനാഥ് സ്ഥലനാമങ്ങളിൽ മാറ്റം വരുത്തുന്നതിലാണ് ഊറ്റം കൊണ്ടത്. 
കടം കയറിയ കർഷകർ ആത്മഹത്യ ചെയ്യുന്നതും, നിസ്സഹായരായ അവരുടെ രോദനവും ഭരണകക്ഷി നേതാക്കൾ കണ്ടില്ല. അല്ലെങ്കിൽ അതിനെ അഭിമുഖീകരിക്കാൻ അവർ തയാറായില്ല. അതൊന്നും പറഞ്ഞാൽ വോട്ട് കിട്ടിക്കൊള്ളണമെന്നില്ലെന്ന് അവർ ധരിച്ചു. അതുകൊണ്ടാണ് മഹാരാഷ്ട്രയിലെ കർഷകരുടെ ലോംഗ് മാർച്ചും, ന്യൂദൽഹിയിലെ കർഷക റാലിയും അവർ കാര്യമാക്കാതിരുന്നത്. 
2014ൽ മോഡി പ്രധാനമന്ത്രി പദത്തിലെത്തിയതിനുപിന്നാലെ ബി.ജെ.പിയുടെ അമരത്തെത്തിയ അമിത് ഷാ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇനിയൊരിക്കൽ കൂടി ബി.ജെ.പി അധികാരത്തിലെത്തിയാൽ അടുത്ത അമ്പത് വർഷത്തേക്ക് തങ്ങളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന്. ബി.ജെ.പിയുടെ സൽഭരണം കണ്ട് ജനങ്ങൾ തുടർച്ചയായി അവരെ ജയിപ്പിക്കുമെന്നതല്ല അതിന്റെ ഉദ്ദേശ്യമെന്ന് അമിത് ഷാക്കുമറിയാം. മറിച്ച് തങ്ങൾ നിശ്ചയിക്കുന്ന അമ്പലം, ഗോവധം, രാജ്യസ്‌നേഹം അജണ്ടയിൽ അര നൂറ്റാണ്ടുകാലം ഇന്ത്യൻ ജനതയെ തളച്ചിടാമെന്ന അമിത ആത്മവിശ്വാസം. അതിനാണിപ്പോൾ ഇളക്കം തട്ടിയിരിക്കുന്നത്.
കർഷകരിൽ നുരഞ്ഞുപൊന്തുന്ന ഭരണകൂട വിരുദ്ധവികാരം മുതലെടുക്കാനായതുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ മലർത്തിയടിക്കാൻ കഴിഞ്ഞതെന്ന് നിസ്സംശയം പറയാം. കോൺഗ്രസിനെ നിരവധി തവണ പരീക്ഷിച്ചിട്ടുള്ളവരാണ് ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ. ആ പാർട്ടിയുടെ ഗുണങ്ങളേക്കാൾ ദോഷങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും മടുത്തവരാണവർ.  അങ്ങനെയാണവർ കോൺഗ്രസിനെ പുറന്തള്ളി ബി.ജെ.പിയെ വരിച്ചത്. രാജസ്ഥാനിൽ ഇടക്കിടക്ക് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയിരുന്നെങ്കിലും, മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തുടർച്ചയായി മൂന്ന് തവണയാണ് ബി.ജെ.പി ഭരണം നീണ്ടത്. ഇതിനിടയിൽ ഈ സംസ്ഥാനങ്ങളിൽ ഭരണത്തിൽ മാത്രമല്ല, സമൂഹത്തിൽ മഴുവനും ആർ.എസ്.എസ് പിടിമുറുക്കുകയും ചെയ്തു. തമ്മിൽ തല്ലുന്ന കോൺഗ്രസാവട്ടെ അനുദിനം ദുർബലമാവുകയും. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിനെ ജനങ്ങൾ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ അവരുടെ ഹൃദയത്തിൽ തട്ടുന്ന നിലപാടുകൾ വേണമായിരുന്നു. അതാണ് രാഹുൽ പ്രയോഗിച്ചതും. ഛത്തീസ്ഗഢിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയിട്ടും മധ്യപ്രദേശിലും രാജസ്ഥാനിലും കേവല ഭൂരിപക്ഷത്തിന് അടുത്തുമാത്രം ആയിപ്പോയത് കോൺഗ്രസിലെ തമ്മിലടിയും വിമത ശല്യവുമല്ലാതെ മറ്റൊന്നുമല്ല.
ഏതായാലും താൻ മുന്നോട്ടുവെച്ച അജണ്ട ക്ലിക്കായതോടെ അതിൽ പിടിച്ചുതന്നെ മുന്നേറുകയാണ് രാഹുൽ. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് സത്യപ്രതിജ്ഞ കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ കർഷക കടം എഴുതിത്തള്ളാനുള്ള ഫയലിൽ ഒപ്പുവെച്ചു. സംസ്ഥാനത്തെ 16.5 ലക്ഷം കർഷകരുടെ ഹ്രസ്വകാല കാർഷിക വായ്പകൾ എഴുതിത്തള്ളാനായിരുന്നു ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനം. രാജസ്ഥാനിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന് രാഹുൽ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് മുടന്തിനീങ്ങുകയായിരുന്ന കോൺഗ്രസ്, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുതിക്കുകയാണ്. കർഷക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിച്ചുകൊണ്ട് നടപടികൾ സ്വീകരിച്ചത് ഏതായാലും ഇതര സംസ്ഥാനങ്ങളിലും പാർട്ടിക്ക് കരുത്ത് പകർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മോഡിയുടെ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ പോലും കോൺഗ്രസ് ഭരണം പിടിച്ചുകൂടായ്കയില്ല.
മൂന്ന് സംസ്ഥാനങ്ങളിൽ വിജയിച്ച തന്ത്രം അടുത്ത പൊതുതെരഞ്ഞെടുപ്പിലും പയറ്റാൻ തന്നെയാണ് രാഹുലിന്റെ നീക്കം. രാജ്യത്തെ മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണദ്ദേഹം. കടം എഴുതിത്തള്ളാതെ പ്രധാനമന്ത്രിയെ ഉറങ്ങാൻ അനുവദിക്കില്ലെന്നാണ് വെല്ലുവിളി.
കോൺഗ്രസിന്റെ കടം എഴുതിത്തള്ളൽ വെറും തട്ടിപ്പാണെന്ന് പറഞ്ഞാണ് മോഡി ഇതിനെയെല്ലാം നേരിടുന്നത്. കർണാടകയിൽ കടം എഴുതിത്തള്ളുമെന്ന് പറഞ്ഞിട്ട് ആയിരം കർഷകർക്കുപോലും അതിന്റെ ഗുണം കിട്ടിയില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല, ഒന്നാം യു.പി.എ സർക്കാർ 60,000 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളിയതിന്റെ ഗുണം കിട്ടിയത് കർഷകർക്കല്ല, മറ്റ് പലർക്കുമാണെന്നും അദ്ദേഹം പരിഹസിക്കുന്നു. പക്ഷെ കാറ്റ് മാറുന്നത് ബി.ജെ.പിക്കും കാണാതിരിക്കാനാവില്ല. ഗുജറാത്തിൽ ഗ്രാമീണ ജനതയുടെ 650 കോടി രൂപയുടെ വൈദ്യുതി ബിൽ എഴുതിത്തള്ളാനുള്ള ബി.ജെ.പി സർക്കാർ തീരുമാനം ഈ തിരിച്ചറിവിൽനിന്നാണ്.
കർഷക കടം എഴുതിത്തള്ളുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് നല്ലതല്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനടക്കമുള്ള സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കർഷകരുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം കടം എഴുതിത്തള്ളലല്ല എന്നത് വസ്തുതയാണുതാനും. രാഷ്ട്രനിർമാണത്തിന് ഉപയോഗപ്പെടുത്തേണ്ട നികുതിപ്പണമെടുത്ത് കർഷകരുടെ കടം വീട്ടാൻ കൊടുത്താൽ പിന്നീടത് തിരിച്ചടിക്കുകയേ ഉള്ളുവെന്നും അഭിപ്രായമുണ്ട്. 
കർഷകർക്കുവേണ്ടത് കടം എഴുതിത്തള്ളലല്ല, അവരുടെ വിളവുകൾക്ക് ന്യായമായ വില കിട്ടാനുള്ള നടപടികളാണെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. പക്ഷെ മോഡി സർക്കാർ നാലര വർഷം പിന്നിടുമ്പോൾ, കർഷകരുടെ വരുമാനം വർധിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണുത്തരം. 
മഹാരാഷ്ട്രയിലെ നാസിക്കിൽ ഉള്ളി കർഷകനായ സഞ്ജയ് സാഥെക്ക് 750 കിലോ ഉള്ളി വിറ്റപ്പോൾ കിട്ടിയത് തുഛമായ 1064 രൂപയാണെന്ന വാർത്ത പുറത്തുവന്നത് ഈയിടെയാണ്. ദുഃഖവും രോഷവും സഹിക്കവയ്യാതെ അദ്ദേഹം ആ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്താണ് പ്രതിഷേധം പ്രകടിപ്പിച്ചത്. രാജ്യത്തെ കർഷകന്റെ നെഞ്ചിലുയരുന്ന തീയായിരുന്നു ആ പ്രതിഷേധം. ആ തീയണക്കാൻ കുറേ നികുതിപ്പണം ചെലവിട്ടാലും കുഴപ്പമില്ല. ബാക്കിയുള്ള കർഷകരക്ഷാ നടപടികൾ പിന്നീട് നടത്താമല്ലോ.
ഏതായാലും രാജ്യത്തെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ രാഷ്ട്രീയത്തിലെയും തെരഞ്ഞെടുപ്പിലെയും മുഖ്യ ചർച്ചാവിഷയമാകുന്നത് നല്ല കാര്യമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഷയങ്ങളേക്കാൾ തെരഞ്ഞെടുപ്പ് അജണ്ടയാവേണ്ടതും അതുതന്നെ. കർഷകനും അവന്റെ പ്രശ്‌നങ്ങൾക്കും മതവും ജാതിയുമൊന്നുമില്ലല്ലോ.

Latest News