ലഖ്‌നൗ- ഹൈന്ദവ വിശ്വാസികള്‍ ദേവനായി കാണുന്ന ഹനുമാന്‍ ദളിതനാണെന്ന യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടെ ഉള്ളു. അതിനിടെ ഹനുമാനെ മുസ്ലിമാക്കി യുപിയിലെ മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തി. സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എം.എല്‍.സി) ബുക്കല്‍ നവാബാണ് ഹനുമാന്‍ 'വാസ്തവത്തില്‍' മുസ്ലിമായിരുന്നുവെന്ന വാദം ഉന്നയിച്ചത്. ഹനുമാന്‍ ലോകത്തിന്റേതാണ്. എല്ലാ മതങ്ങളിലും സമുദായങ്ങളിലും വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ ഹനുമാനെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ എന്റെ വിശ്വാസ പ്രകാരം അദ്ദേഹം ഒരു മുസ്ലിം ആയിരുന്നു-നവാബ് പറഞ്ഞു.
തന്റെ വാദത്തിന് പിന്‍ബലമേകാന്‍ 'തക്കതായ തെളിവുകളും' നവാബിന്റെ പക്കലുണ്ട്. അദ്ദേഹം പറയുന്നത് ഇങ്ങനെ: 'ഹനുമാന്‍ മുസ്ലിമാണെന്ന് ഞാന്‍ പറയാന്‍ കാരണം ഞങ്ങളുടെ മതക്കാരുടെ പേരുകളാണ്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ എന്നീ പേരുകളൊക്കെ ഹനുമാന്റെ പേരുമായി സ്വരചേര്‍ച്ചയുണ്ട്. ഈ പേരുകള്‍ ഇസ്ലാമില്‍ മാത്രമെ ഉള്ളൂ.' തന്റെ വാദം ഒന്നു കൂടി ഉറപ്പിക്കാന്‍ മറ്റു ചില പേരുകള്‍ കൂടി നവാബ് പറഞ്ഞു. 'ഇംറാന്‍, ഫുര്‍ഖാന്‍, സുല്‍ത്താന്‍, സുലൈമാന്‍'.
സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയ ബുക്കല്‍ നവാബ് ഇത് ആദ്യമായല്ല ഇത്തരം നെടുങ്കന്‍ പ്രസ്താവനകളിറക്കുന്നത്. എസ്.പി നേതാവായിരിക്കെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് 15 കോടി രൂപ സംഭാവന നല്‍കുമെന്ന് നവാബ് പ്രഖ്യാപിച്ചത് കോളിളക്കമുണ്ടാക്കിയിരുന്നു.