Sorry, you need to enable JavaScript to visit this website.

മൃദുഹിന്ദുത്വ കാര്‍ഡുമായി രാഹുല്‍ ഗാന്ധി; അമേത്തിയില്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നു

ന്യുദല്‍ഹി- അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ ബിജെപിയുടെ തീവ്രഹിന്ദുത്വ പ്രചാരണങ്ങളെ നേരിടാന്‍ മൃദുഹിന്ദുത്വ കാര്‍ഡുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍ പ്രദേശിലെ അമേത്തിയിലെ പുരാതന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനാണ് രാഹുലിന്റെ തീരുമാനം. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക ചെലവിട്ടാണ് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്തുക. രാഹുലിന്റെ മണ്ഡലത്തിലെ 13 ക്ഷേത്രങ്ങളില്‍ പുതിയ സോളാര്‍ ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ സിങ് പറഞ്ഞു. അമേത്തിയിലെ പുരാതന ക്ഷേത്രങ്ങളായ സംഗ്രംപൂരിലെ കലികന്‍ ദേവി ക്ഷേത്രം, ഗൗരിഗഞ്ചിലെ ദുര്‍ഗാ ക്ഷേത്രം, ഷാഗഢിലെ ഭവാനി ക്ഷേത്രം എന്നിവയും രാഹുലിന്റെ പദ്ധതിയിലുള്‍പ്പെടും. ക്ഷേത്രങ്ങളുടെ സൗന്ദര്യവല്‍ക്കരത്തിനു പുറമെ സംഗീതോപകരണങ്ങളായ ഹാര്‍മോണിയം, ധൊലാക്, മജ്ഞീര എന്നിവയും ക്ഷേത്രങ്ങള്‍ക്കു നല്‍കും.

കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ചവച്ച കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ രാഹുലിന്റെ ക്ഷേത്ര രാഷ്ട്രീയം ബിജെപിയെ തോല്‍പ്പിക്കുന്നതില്‍ വലിയ വിജയം കണ്ടിരുന്നു. ഏറ്റവുമൊടുവില്‍ നടന്ന രാജ്സ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ക്ഷേത്രങ്ങള്‍ക്കു വേണ്ടി രാഹുല്‍ ശബ്ദമുയര്‍ത്തിയിരുന്നു. നിലപാടുകളിലെ മൃദുഹിന്ദുത്വവും നിരന്തര ക്ഷേത്ര സന്ദര്‍ശനങ്ങളും ബിജെപിക്കെതിരായ ഹിന്ദി ഹൃദയഭൂമിയിലെ വിജയങ്ങളില്‍ നിര്‍ണായ പങ്കുവഹിച്ചെന്നാണ് വിലയിരുത്തല്‍. കര്‍ണാടക, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും രാഹുല്‍ ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നിരവധി ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ മുസ്ലിംകളെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചതും ഏറെ വിമര്‍ശനതതിന് ഇടയാക്കിയിരുന്നു

രാഹുലിന്റെ ആശങ്കകളാണ് ക്ഷേത്രങ്ങള്‍ക്കു വേണ്ടി ഇപ്പോള്‍ രംഗത്തിറങ്ങാന്‍ കാരണമെന്ന് ബിജെപി അമേത്തി ജില്ലാ അധ്യക്ഷന്‍ ഉമാശങ്കര്‍ പാണ്ഡെ പ്രതികരിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം ധര്‍മ സഭകള്‍ സംഘടിപ്പിച്ചു വരുന്നതാണ് രാഹുലിന്റെ ആശങ്കയ്ക്കു കാരണം. ഇതുകൊണ്ടാണ് അമേത്തിയിലെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ തട്ടകമായി അമേത്തി പിടിക്കാന്‍ ബിജെപി പദ്ധതിയിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ തവണം രാഹുലിനോട് മത്സരിച്ച് തോറ്റ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ഇപ്പോഴും ഇടക്കിടെ അമേത്തിയിലെത്തുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിന് മുന്നില്‍ കണ്ടാണ് അമേത്തിയില്‍ ബിജെപിയുടെ നീക്കങ്ങള്‍. 

Latest News