വാഷിംഗ്ടണ്‍- സിറിയയില്‍നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. പ്രസിഡന്റിന്റെ ഉത്തരവിനു പിന്നാലെ സൈനികരെ പിന്‍വലിച്ചു തുടങ്ങിയെന്നും സിറിയയിലുള്ള രണ്ടായിരത്തോളം സൈനികര്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കകം രാജ്യത്ത് മടങ്ങിയെത്തുമെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാലുവര്‍ഷമായി ഐ.എസിനെതിരെ നടത്തിയ യുദ്ധം വിജയിച്ച പശ്ചാത്തലത്തിലാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നും അമേരിക്ക അവകാശപ്പെടുന്നു.
തന്റെ കാലാവധിയില്‍ അമേരിക്ക സിറിയയില്‍ നിലയുറപ്പിച്ചിരുന്നതിന്റെ ഒരോയൊരു കാരണമായ ഐ.എസിനെ തങ്ങള്‍ തോല്‍പ്പിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
നിലവില്‍ രണ്ടായിരത്തോളം യു.എസ് സൈനികരാണു സിറിയയിലുള്ളത്. ഐ.എസിനെതിരെ പോരാടുന്ന കുര്‍ദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന് (എസ്.ഡി.എഫ്) പരിശീലനം നല്‍കുകയാണ് യു.എസ് സൈന്യം ഇപ്പോള്‍ ചെയ്യുന്നത്.
യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുന്നില്ല. സിറിയയില്‍ നിന്നുള്ള സൈന്യത്തെ പിന്‍വലിച്ചാലും ഇറാഖിലുള്ള 5200 സൈനികര്‍ തുടരും. 2014 ല്‍ ഐ.എസ് ഇറാഖിലെയും സിറിയയിലെയും വലിയൊരു ശതമാനം ഭൂപ്രദേശം പിടിച്ചടക്കിയിരുന്നു.