ന്യൂദൽഹി - ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ വരുമാനത്തിൽ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. 2017-2018 വർഷത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൾ പുറത്ത് വന്നു.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് രാഷ്ട്രീയ പാർട്ടികളുടെ വരുമാന വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപി തന്നെയാണ് വരുമാനത്തിന്റെ കാര്യത്തിൽ മുമ്പിൽ നിൽക്കുന്നത്. ബിജെപിയുടെ ആകെ വരുമാനം 1027.339 കോടി രൂപയാണ്. ഇതിൽ 750 കോടി 41 ലക്ഷം രൂപ ചെലവഴിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 210 കോടിയോളം രൂപയാണ് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ മാത്രം ബിജെപി നേടിയത്.
രണ്ടാം സ്ഥാനത്ത് സിപിഎമ്മാണുള്ളത്. 104.847 കോടി രൂപയാണ് സിപിഎമ്മിന്റെ വരുമാനമെന്നാണ് റിപ്പോർട്ട്. ഇതിൽ 83.482 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ വരുമാനം 51.694 കോടി രൂപയാണ്. ഇതിൽ 14 കോടി 78 ലക്ഷം രൂപ ചെലവഴിച്ചെന്ന് ബിഎസ്പി അവകാശപ്പെടുന്നു. വരവിനേക്കാൾ ചെലവും, വരുമാനത്തേക്കാൾ കൂടുതൽ തുക ചെലഴിച്ചതുമായ പാർട്ടി ശരദ് പവാറിന്റെ എൻസിപിയാണ്. 8.15 കോടി രൂപയാണ് പാർട്ടിയുടെ ഒരു വർഷത്തെ വരുമാനം. എന്നാൽ ചെലവഴിച്ചതാകട്ടെ 8.84 കോടി രൂപയും. എൻസിപി 65 ലക്ഷം രൂപ അധികം ചെലവാക്കിയെന്നാണ് കണക്ക്. തൃണമൂൽ കോൺഗ്രസിന് 5.167 കോടിയാണ് മൊത്തം വരുമാനം. സിപിഐയ്ക്ക് 1.55 കോടി വരും. ബിജെപി, ബിഎസ്പി, എൻസിപി, സിപിഐഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, എന്നീ പാർട്ടികളെയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പരിശോധിച്ചത്. കോൺഗ്രസ് ഇതുവരെ വരുമാന കണക്കുകൾ സമർപ്പിക്കാൻ തയാറായിട്ടില്ല.