പട്‌ന - ബി.ജെ.പിക്ക് മുന്നറിയിപ്പുമായി എൽ.ജെ.പി. വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് വൈകിയാൽ ടി.ഡി.പിയുടേയും ആർ.എൽ.എസ്.പിയുടേയും പാത പിന്തുടരുമെന്ന മുന്നറിയിപ്പാണ് എൽ.ജെ.പി അധ്യക്ഷൻ രാംവിലാസ് പാസ്വാന്റെ മകനും ജുമയി എം.പിയുമായ ചിരാഗ് നൽകിയത്. ബിജെപിയോട് ഇടഞ്ഞു കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി കഴിഞ്ഞ ദിവസമാണ് എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തു പോയത്. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സഖ്യം ഉപേക്ഷിക്കാനുണ്ടായ കാരണം. എൻഡിഎ സഖ്യത്തിലേക്ക് വീണ്ടും തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയുവിനോടും കുശ്വാഹ സ്വര ചേർച്ചയിൽ ആയിരുന്നില്ല.
എൻഡിഎ സഖ്യം വിട്ട ജെഡിയു പിന്നീട് സഖ്യത്തിലേക്ക് തിരിച്ച് വന്നതോടെയായിരുന്നു സംസ്ഥാനത്തെ പ്രശ്‌നങ്ങളുടെ തുടക്കം. ബിഹാറിലെ എൻഡിഎ സഖ്യത്തിൽ ബിജെപി, ജെഡിയു, കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ എൽജെപി, കുശ്വാഹയുടെ ആർഎൽഎസ്പി എന്നീ കക്ഷികളാണ് ഉണ്ടായിരുന്നത്. ബിഹാറിൽ പല മണ്ഡലങ്ങളിലും നിർണയാക ശക്തിയാണ് കുശ്വാഹയുടെ പാർട്ടി. കർഷക വിഭാഗങ്ങൾക്കിടയിൽ വൻ സ്വാധീനമാണ് പാർട്ടിക്ക്. ജെഡിയുവും ബിജെപിയും തുല്യ സീറ്റുകളിൽ മത്സരിക്കാൻ തിരുമാനിച്ചപ്പോൾ കുശ്വാഹയുടെ പാർട്ടിയ്ക്ക് വെറും രണ്ട് സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്ന തിരുമാനമാണ് കുശ്വാഹയെ ചൊടിപ്പിച്ചത്. കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് കുശ്വാഹ സഖ്യം വിട്ടു. ഇതിനിടയിലാണ് പാസ്വാന്റെ പാർട്ടിയായ എൽജെപിയും ബിജെപിയുമായി ഇടയുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ബിഹാറിലുള്ള 40 ലോക്‌സഭാ സീറ്റുകളിൽ 34 സീറ്റുകൾ ബിജെപിയും ജെഡിയുവും പങ്കിടുമെന്ന അഭ്യൂഹങ്ങളാണ് എൽജെപിയേയും ചൊടിപ്പിച്ചിരിക്കുന്നത്. 2014 മത്സരിച്ച അത്രയും തന്നെ സീറ്റുകൾ വേണമെന്നാണ് പാസ്വാന്റെ ആവശ്യം. 2014 ൽ ബിജെപി 22 സീറ്റുകൾ നേടിയിരുന്നു. ഏഴ് സീറ്റുകളിലായിരുന്നു പാസ്വാന്റെ എൽജെപി മത്സരിച്ചിരുന്നത്. ഇതിൽ ആറ് സീറ്റുകളിൽ പാർട്ടി വിജയിക്കുകയും ചെയ്തു.