ന്യൂദൽഹി- ശബരിമല വിഷയത്തിൽ എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ശബരിമല സന്ദർശനത്തിന് പോയ തന്നെ യതീഷ് ചന്ദ്ര അപമാനിച്ചുവെന്നാണ് നോട്ടീസിലെ ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ ഉറപ്പ് നൽകിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥൻ തന്നോട് ധിക്കാരത്തോടെയാണ് പെരുമാറിയത്. ശബരിമലയിലെ സൗകര്യങ്ങൾ പരിശോധിക്കുകയായിരുന്ന തന്നെ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര തടഞ്ഞ് നിർത്തി അപമാനിച്ചു, ഒരു കേന്ദ്ര മന്ത്രി എന്ന ബഹുമാനം തനിക്ക് തന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിമായ രാധാകൃഷ്ണൻ നൽകിയ അവകാശ ലംഘന നോട്ടീസിൽ ആരോപിക്കുന്നത്. ലോക്‌സഭയുടെ ശൂന്യ വേളയിലാണ് മന്ത്രി വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. താനും മറ്റു നാലു പേരും നവംബർ 21 ശബരിമല സന്ദർശനത്തിന് പോയി. എന്നാൽ, തങ്ങളെ 22 കിലോമീറ്റർ അപ്പുറത്ത് പോലീസ് തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്നവരും കുട്ടികളും അടങ്ങുന്ന തീർഥാടകർ ഏറെ പ്രയാസപ്പെടുന്നതിന് താൻ സാക്ഷിയായെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. തീർഥാടകരെ സർക്കാർ ബസുകൾ പിടിക്കാൻ പോലീസ് നിർബന്ധിക്കുകയാണ്. എന്നാൽ, സർക്കാർ ബസുകൾ വളരെ പരിമിതമായി മാത്രമെ സർവീസ് നടത്തിയിരുന്നുള്ളൂ. സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പോലീസ് ഉദ്യോഗസ്ഥൻ ശരിയായ മറുപടി നൽകിയില്ലെന്നും മന്ത്രിസഭയിൽ പറഞ്ഞു.