Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിയുടെ  ജനപ്രീതി ഉയരുന്നു 

ന്യൂദൽഹി - കോൺഗ്രസ് അധ്യക്ഷനായതിന്റെ ഒന്നാം വാർഷികത്തിൽ രാഹുൽ ഗാന്ധിയെ കാത്തിരുന്നത് ട്രിപ്പിൾ മധുരം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്തതോടെ ദേശീയ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി രാഹുൽ ഗാന്ധി മാറി. കോൺഗ്രസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ വിജയമായിരുന്നു ഇത്. അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാകണമെന്നാണ് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പല പാർട്ടി നേതാക്കളും ഈ പ്രസ്താവനയെ തള്ളിയും രംഗത്തെത്തി. പ്രധാനമന്ത്രി പദത്തിലേക്ക് രാഹുലിന് ഇനിയുമേറെ ദൂരമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ജനകീയതയും ചർച്ചയാകുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി താരതമ്യം ചെയ്യുമ്പോൾ രാഹുൽ ഗാന്ധി എത്രമാത്രം ജനകീയനാണെന്നാണ് അന്വേഷണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാഹുലിന്റെ ജനപ്രീതി മോഡിയോടടുത്തതായി സർവേ റിപ്പോർട്ടുകൾ പറയുന്നു. ജനപ്രീതിയുടെ കാര്യത്തിൽ ഇരുവർക്കും ഇടയിലെ അന്തരം കുറഞ്ഞു വരുന്നതായി എല്ലാ സർവേകളും സൂചിപ്പിക്കുന്നു.
2017 മുതലാണ് രാഹുലിന്റെ ജനപ്രീതിയിൽ വർധനവുണ്ടായത്. ഉത്തർപ്രദേശിലെ വലിയ തോൽവി കോൺഗ്രസിനെയും രാഹുലിനെയും ചെറുതല്ലാത്ത രീതിയിൽ ഉലച്ചു. പിന്നീട് ആശ്വാസം പകർന്നത് പഞ്ചാബിലെ ജയം. 2014ന് ശേഷമുള്ള വലിയ ജയമായിരുന്നെങ്കിലും ക്രെഡിറ്റ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനായിരുന്നു. അതേ വർഷം ജൂലൈയിൽ ബിഹാറിലും കോൺഗ്രസിന് അടി തെറ്റി. 
എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോൺഗ്രസ് നേടിയത് അമ്പരപ്പിക്കുന്ന വളർച്ചയാണ്. കോൺഗ്രസിന്റെ നേട്ടത്തോടെ രാഹുലും വളർന്നു. ജനപ്രീതിയിൽ മോഡിയും രാഹുലും തമ്മിലുള്ള അന്തരവും കുറഞ്ഞു.
സി.എസ്.ഡി.എസ് സർവേ പ്രകാരം 34 ശതമാനം പേർ മോഡി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 24 ശതമാനം പേർ രാഹുലിന്റെ പേര് പറഞ്ഞു. ദളിത്, ആദിവാസി വിഭാഗങ്ങൾക്കിടയിലും രാഹുൽ തന്നെയാണ് ജനപ്രിയൻ.
വലിയ മാറ്റത്തിന്റെ സൂചനകളാണ് സീ വോട്ടർ, ലോക്‌നീതി സിഎസ്ഡിഎസ് സർവെകൾ നൽകുന്നത്. ദക്ഷിണേന്ത്യയിൽ പലയിടത്തും മോഡിയേക്കാൾ ജനകീയൻ രാഹുലാണെന്നും സർവേയിൽ പറയുന്നു. ടി.വി-5 ന്യൂസ് നടത്തിയ സർവേയിൽ 41.3 ശതമാനം ആളുകൾ രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. എതിർത്തത് 35 ശതമാനം പേർ.

 

Latest News