ആലപ്പുഴ- ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ വകുപ്പു മന്ത്രി കെ.ടി ജലീല്‍ ചട്ടങ്ങള്‍ മറികടന്ന് ബന്ധുവിനെ നിയമിച്ചതിന് പുതിയ തെളിവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വീണ്ടും. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ പോസ്റ്റിലേക്ക് ഡെപ്യൂട്ടേഷന്‍ പറ്റില്ലെന്ന പൊതുഭരണ വകുപ്പിന്റെ കുറിപ്പാണ് ഫിറോസ് പുറത്തുവിട്ടത്. പൊതുഭരണ വകുപ്പ് എഎസ്ഓയാണ് ഇക്കാര്യം വ്യക്തമാക്കി കുറിപ്പ് നല്‍കിയത്. ഇത് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കാന്‍ മന്ത്രി നിര്‍ദേശിച്ചതിന്റെ തെളിവും പുറത്തുവന്നു. ബന്ധുനിയമത്തില്‍ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് തെളിവുകള്‍ പൂര്‍ണമായും ലഭിച്ചെന്നും വൈകാതെ കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനൊപ്പം കൂട്ടു പ്രതിയാണെന്നും ഫിറോസ് ആരോപിച്ചു.
അതിനിടെ തിരൂരിനടുത്ത ചമ്രവട്ടം നരിപ്പറമ്പിലെ മന്ത്രിയുടെ ക്യാംപ് ഓഫീസിലേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസിനു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് ലാത്തിവീശി.