ബുലന്ദ്ശഹര്‍- ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ രണ്ടാഴ്ച മുമ്പ് ഹിന്ദുത്വ തീവ്രാവാദികള്‍ അഴിച്ചു വിട്ട കലാപത്തിന് കാരണമായി എന്നാരോപിക്കപ്പെടുന്ന പശുവിനെ കശാപ്പു ചെയ്ത സംഭവത്തില്‍ മൂന്ന് മുസ്ലിം യുവാക്കള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൂടാതെ മറ്റു രണ്ടു പേരും കലാപക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. നദീം, റഈസ്, കാല എന്നിവരെയാണ് പശുവിനെ കശാപ്പു ചെയ്‌തെന്നാരോപിച്ച് പിടികൂടിയത്. പശുവിനെ പിടികൂടി വെടിവെക്കുകയും കശാപ്പു ചെയ്ത മാംസം വീതംവച്ചെടുക്കുകയും ചെയ്ത സംഘത്തില്‍ ഈ മൂന്നു പേരും ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. അതേസമയം ആള്‍ക്കൂട്ട ആക്രമണത്തിനിടെ മര്‍ദനവും വെടിയുമേറ്റു മരിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതികളായ ഹിന്ദുത്വ തീവ്രവാദ സംഘടന ബജ്രംഗ്ദളിന്റെ ജില്ലാ നേതാവ് യോഗേഷ് രാജ്, ബിജെപി യുവജന വിഭാഗമായ യുവമോര്‍ച്ചാ ശിഖാര്‍ അഗര്‍വാള്‍ എന്നിവരെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. സംഭവത്തിനു ശേഷം ഒളിവില്‍ പോയതാണ് ഇരുവരും. ഇതുവരെ ഇവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് യോഗേഷ് വിഡിയോ സന്ദേശം സമൂഹമാധ്യമം വഴി പുറത്തു വിട്ടിരുന്നു. മുങ്ങി നടക്കുന്ന ശിഖര്‍ അഗര്‍വാള്‍ ഒരു വാര്‍ത്താ ചനലിന് അഭിമുഖവും നല്‍കിയിരുന്നു. എന്നിട്ടും പിടികൂടാനായിട്ടില്ല.
ആള്‍ക്കൂട്ട ആക്രമണത്തിന് കോപ്പു കൂട്ടിയതിന് സചിന്‍ സിങ് എന്ന 21കാരനേയും ജോണി ചൗധരി എന്ന 19കാരനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ കലാപവുമായി ബന്ധപ്പെട്ട് 19 പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കൊലയാളികളും കലാപകാരികളും സ്വതന്ത്രമായി പുറത്തിറങ്ങി നടക്കുകയാണെന്ന് കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെ കുടുംബം ആരോപിക്കുന്നു. അന്വേഷത്തിലൂടെ സത്യം പുറത്തു കൊണ്ടു വരാന്‍ സമയമെടുക്കുമെന്നാണ് പോലീസ് പറുന്നു. പ്രത്യേക ദൗത്യ സേനയാണ് കേസ് അന്വേഷിക്കുന്നത്. അറുപതോളം പേര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ 27 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 19 പേര്‍ പിടിയിലുമുണ്ട്.