Sorry, you need to enable JavaScript to visit this website.

സുബോധ് കുമാറിന്റെ കൊലയാളി സ്വതന്ത്രനായി നടക്കുന്നുവെന്ന് ഭാര്യ 

രജിനി സിംഗ്‌

നോയിഡ - തന്റെ ഭർത്താവ് കൊല്ലപ്പെട്ട് 16 ദിവസം കഴിയുമ്പോഴും പ്രധാന പ്രതി സ്വതന്ത്രനായി നടക്കുകയാണെന്ന് ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറിൽ അക്രമികളുടെ വെടിയേറ്റ് മരിച്ച പോലീസ് ഓഫീസർ സുബോധ് കുമാർ സിംഗിന്റെ ഭാര്യ രജിനി സിംഗ്. തന്റെ ഭർത്താവിന്റെ കൊലപാതകം ഒരു അപകടമാണെന്ന് സർക്കാർ പറയുന്നത് കേട്ട് തന്റെ ഹൃദയം തകർന്നു പോയെന്നും ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ രജിനി സിംഗ് പറഞ്ഞു.
ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടിട്ടും അവർ പറയുന്നു ഹൃദയസ്തംഭനം മൂലമാണെന്ന്. എന്നാൽ എനിക്ക് അതീവ ദുഃഖം മാത്രമാണുള്ളത്.
താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് തന്റെ ദുഃഖത്തെക്കുറിച്ചു പറഞ്ഞുവെന്നും, ഭർത്താവിന്റെ കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും രജിനി സിംഗ് പറഞ്ഞു. പക്ഷെ ഇപ്പോഴും കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്. അവരെ എന്താണ് ഇതുവരെയും അറസ്റ്റ് ചെയ്യാത്തതെന്നാണ് എനിക്ക് യോഗിജിയോട് ചോദിക്കാനുള്ളത്. 
സുബോധ് കുമാർ സിംഗിന്റെ കൊലപാതകത്തിൽ പോലീസ് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യ പ്രതിയായ ബജ്‌രംഗ്ദൾ നേതാവ് യോഗേഷ് രാജിനെ ഇനിയും പോലീസ് പിടികൂടിയിട്ടില്ല. മറ്റൊരു പ്രതിയും ബി.ജെ.പി നേതാവുമായ ശിഖർ അഗർവാളും ഒളിവിലാണ്. ഇരുവരും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുന്നുണ്ട്. എന്നിട്ടുപോലും പോലീസിന് ഇവരെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ രജിനി സിംഗ് അദ്ഭുതം കൂറുന്നു. 
യോഗേഷ് രാജും ശിഖർ അഗർവാളുമടക്കം മൊത്തം 27 പേരെയാണ് സുബോധ് കുമാർ സിംഗ് കൊലപാതകത്തിൽ പോലീസ് പ്രതി ചേർത്തത്. 
ബുലന്ദ് ശഹറിൽ പശുക്കളെ കശാപ്പ് ചെയ്ത് കെട്ടിത്തൂക്കിയെന്നാരോപിച്ച് ഈ മാസം രണ്ടിന് സംഘപരിവാറിന്റെ ആഹ്വാന പ്രകാരം തെരുവിലിറങ്ങിയ ജനക്കൂട്ടം, ക്രമസമാധാന പാലനത്തിന് സ്ഥലത്തെത്തിയ സുബോധ് കുമാറിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഒരു 20 കാരനും ആൾക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. പ്രശ്‌നത്തിൽ ഇടപെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പോലീസ് ഓഫീസറുടെ കൊലപാതകത്തെക്കാൾ, പശുക്കളെ കശാപ്പ് ചെയ്ത സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പോലീസിന് നിർദേശം നൽകിയത്.
 

Latest News