- അയോധ്യ, ഗോവധ പ്രചാരണങ്ങളും ഏശിയില്ല
ന്യൂദൽഹി- 2014ൽ മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ കേന്ദ്ര ഭരണത്തിലേക്ക് നയിച്ച മോഡി പ്രഭാവം അസ്തമിക്കുകയാണെന്ന് റിപ്പോർട്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടന്ന അസംബ്ലി തെരഞ്ഞുടപ്പു ഫലങ്ങൾ നൽകുന്ന സൂചന അതാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി തുറുപ്പു ചീട്ടായി ഇറക്കാറുള്ള അയോധ്യ, ഗോവധം എന്നീ വിഷയങ്ങൾ പോലും, അതിനെല്ലാം ഏറ്റവുമധികം മാർക്കറ്റുള്ള ഈ സംസ്ഥാനങ്ങളിൽ ഇത്തവണ കാര്യമായി ഏറ്റില്ല.
മൂന്ന് സംസ്ഥാനങ്ങളിലും മോഡി നേരിട്ട് പ്രചാരണം നടത്തിയ 70 ശതമാനം സീറ്റുകളിലും ബി.ജെ.പി തോൽക്കുകയായിരുന്നുവെന്ന് ഇന്ത്യ സ്‌പെൻഡ് എന്ന ഓൺലൈൻ പോർട്ടൽ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് വിദഗ്ധ നടത്തിയ പഠനമനുസരിച്ച് മൂന്ന് സംസ്ഥാനങ്ങളിലുമായി 30 കേന്ദ്രങ്ങളിലായിരുന്നു മോഡി നേരിട്ട് പ്രചാരണത്തിനെത്തിയത്. 80 അസംബ്ലി മണ്ഡലങ്ങളിലായിരുന്നു ഈ റാലികൾ. എന്നാൽ മണ്ഡലങ്ങളിൽ 23 എണ്ണത്തിൽ മാത്രമേ ബി.ജെ.പിക്ക് ജയിക്കാനായുള്ളൂ. അതായത് മൂന്നിലൊന്ന് മാത്രം. 57 സീറ്റിലും പാർട്ടി തോൽക്കുകയായിരുന്നു.
പ്രചാരണത്തിൽ മോഡിയെക്കാൾ നേട്ടമുണ്ടാക്കാനായത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായിരുന്നെന്നും കണക്കുകൾ പറയുന്നു. 69 മണ്ഡലങ്ങളിലായി 58 റാലികളിലാണ് യോഗി പ്രസംഗിച്ചത്. ഇതിൽ 27 ഇടത്ത് ബി.ജെ.പി ജയിച്ചപ്പോൾ 42 ഇടത്ത് തോറ്റു.