Sorry, you need to enable JavaScript to visit this website.

വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തിവെക്കും

റിയാദ് - ഈ മാസാദ്യം മുതൽ കഴിഞ്ഞ ദിവസം വരെ സക്കാത്ത്, നികുതി അതോറിറ്റി വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ 502 മൂല്യവർധിത നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തി. വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ബില്ലുകളും റെക്കോർഡുകളും സൂക്ഷിക്കാതിരിക്കൽ, ബില്ലുകളിൽ വാറ്റ് നമ്പർ ഇല്ലാതിരിക്കൽ, മൂല്യവർധിത നികുതി ഈടാക്കാതിരിക്കൽ, നിശ്ചിത സമയത്ത് നികുതി അടക്കാതിരിക്കൽ, നിശ്ചിത സമയത്ത് നികുതി റിട്ടേൺ സമർപ്പിക്കാതിരിക്കൽ, അഞ്ചു ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കൽ അടക്കമുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്.
പ്രതിവർഷം 3,75,000 റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം നാളെയാണ്. ഇത്തരം സ്ഥാപനങ്ങൾ വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും രജിസ്‌ട്രേഷൻ നടപടികളെ കുറിച്ചും രജിസ്‌ട്രേഷന് കാലതാമസം വരുത്തിയാൽ ലഭിക്കുന്ന ശിക്ഷകളെ കുറിച്ചും ബോധവൽക്കരിക്കുന്നതിനും വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് സക്കാത്ത്, നികുതി അതോറിറ്റി സ്വകാര്യ സ്ഥാപനങ്ങളിൽ ഫീൽഡ് പരിശോധനകൾ നടത്തിവരികയാണ്. 
വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ സേവനങ്ങൾ നിർത്തിവെക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. കൂടാതെ നിശ്ചിത സമയത്ത് നികുതി റിട്ടേണുകൾ സമർപ്പിക്കാത്തതിനുള്ള പിഴകളും ഇത്തരം സ്ഥാപനങ്ങൾക്ക് ചുമത്തും. സർക്കാറിലേക്ക് അടക്കേണ്ട മൂല്യവർധിത നികുതിയുടെ അഞ്ചു മുതൽ ഇരുപത്തിയഞ്ചു ശതമാനം വരെയാണ് പിഴയായി ചുമത്തുക. ഇതിനു പുറമെ നിശ്ചിത സമയത്ത് നികുതി അടക്കാത്തതിനുള്ള പിഴയും ചുമത്തും. ഓരോ മാസവും അടക്കാത്ത നികുതി തുകയുടെ അഞ്ചു ശതമാനമാണ് നിശ്ചിത സമയത്ത് നികുതി അടക്കാത്തതിനുള്ള പിഴയായി ഈടാക്കുക. പ്രതിവർഷം 3,75,000 റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് നാളെക്കു മുമ്പായി എത്രയും വേഗം നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. 
2018 ജനുവരി ഒന്നു മുതലാണ് സൗദിയിൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി നിലവിൽവന്നത്. പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ 2017 ഡിസംബർ 20 നു മുമ്പായി നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. പ്രതിവർഷം മൂേന്നമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ഇതിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമല്ല. 
പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിക്കൽ നിർബന്ധമാണ്. അതത് മാസത്തെ നികുതി റിട്ടേണുകൾ തൊട്ടടുത്ത മാസം അവസാനിക്കുന്നതിനു മുമ്പാണ് സമർപ്പിക്കേണ്ടത്. പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകൾ നടത്താത്ത സ്ഥാപനങ്ങൾ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്.
തങ്ങൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ മൂല്യവർധിത സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപങ്ങളാണോയെന്ന് അറിയുന്നതിനും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കുന്നതിനും വാറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് സക്കാത്ത്, നികുതി അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഈയാവശ്യത്തിന് സക്കാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ കോൾ സെന്ററിൽ 19993 എന്ന നമ്പറിൽ ബന്ധപ്പെടാവുതാണെന്നും അതോറിറ്റി പറഞ്ഞു. 

 

Latest News