Sorry, you need to enable JavaScript to visit this website.

പാക് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച് പാക് ജയിലിലായ ഇന്ത്യന്‍ എന്‍ജിനീയര്‍ ആറു വര്‍ഷത്തിനു ശേഷം മോചിതനായി

അമൃത്‌സര്‍- പാക്കിസ്ഥാന്‍ വിരുദ്ധ ചാരവൃത്തിയിലേര്‍പ്പെട്ടെന്ന് ആരോപിച്ച് പാക് സൈനിക കോടതി മൂന്ന് വര്‍ഷം തടവിനു ശിക്ഷിച്ച മുംബൈ സ്വദേശിയായ എന്‍ജിനീയര്‍ ഹാമിദ് നിഹാല്‍ അന്‍സാരി ആറു വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തി. 2012ല്‍ ജോലിക്കായി അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായി കാബൂളിലെത്തിയ ശേഷം ഹാമിദ് അന്‍സാരിയെ കാണാതാകുകയായിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചിപ്പിക്കാതിരുന്ന അന്‍സാരിയെ ചൊവ്വാഴചയാണ് പാക് അധികൃതര്‍ ജയില്‍ മോചിതനാക്കിയത്. തുടര്‍ന്ന് അട്ടാരി-വാഗ അതിര്‍ത്തിയില്‍ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. 33കാരനായ ഹാമിദിനെ വരവേല്‍ക്കാന്‍ മാതാപിതാക്കളായ നിഹാലും ഫൗസിയയും മറ്റു ബന്ധുക്കളും വാഗ അതിര്‍ത്തിയിലെത്തിയിരുന്നു. വികാരനിര്‍ഭരമായ സ്വീകരണമാണ് ഹാമിദിന് ലഭിച്ചത്. ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ ഉടന്‍ ഹാമിദ് ബന്ധുക്കള്‍ക്കൊപ്പം മണ്ണില്‍ ചുംബിച്ചു. ശേഷം മാതാപിതാക്കളെ മാറി മാറി ആലിംഗനം ചെയ്തു. ശേഷം ഒരു ഉദ്യോഗസ്ഥന്‍ കുടിക്കാന്‍ ഒരു വെള്ളക്കുപ്പി നല്‍കി. ശേഷം കുടുംബ സമേതം ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ നാട്ടിലേക്കു മടങ്ങി.

അഫ്ഗാന്‍ അതിര്‍ത്തിയിലെ ജലാലാബാദില്‍ നിന്നും പാക്കിസ്ഥാനിലെ പെഷാവറിലേക്ക് കടന്നതിനാണ് പാക് സൈന്യം 2012 നവംബര്‍ 12ന് ഹാമിദിനെ പിടികൂടിയത്. പിന്നീട് ചാരവൃത്തി കുറ്റം ആരോപിച്ച് സൈനിക കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും മൂന്ന് വര്‍ഷമായി ഹാമിദിനെ മോചിപ്പിച്ചിരുന്നില്ല. ഹാമിദിനെ മോചിപ്പിക്കുന്നതായി ചൊവ്വാഴ്ചയാണ് വിദേശകാര്യ മന്ത്രാലയത്തിന് പാക്കിസ്ഥാനില്‍ നിന്നും അറിയിപ്പ് ലഭിച്ചത്.

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പാക് പെണ്‍കുട്ടിയെ നിര്‍ബന്ധിത വിവാഹത്തില്‍ നിന്നും രക്ഷിക്കാനാണ് ഹാമിദ് ഖൈബര്‍ പഖ്തുങ്ക്വ പ്രവിശ്യയിലെ കൊഹാട്ടിലെത്തിയതെന്ന് റിപോര്‍ട്ടുണ്ട്. ഇവിടെ നിന്നാണ് 2012ല്‍ ഹാമിദ് പിടിയിലായത്.
 

Latest News