Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആറ് ലക്ഷം ഒരു ചെറിയ സംഖ്യയല്ല 

12. 12. 2018 ബുധനാഴ്ച ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞത് സൗദി അറേബ്യ, യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലായി നാലു വർഷത്തിനിടെ 28523 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്നും അതിൽ ഏറ്റവും കൂടുതൽ മരണം നടന്നത് 2014 - 18 കാലയളവിൽ സൗദി അറേബ്യയിൽ (12828) ആണെന്നുമാണ്. ഇതിൽ മലയാളികളുടെ കണക്ക് വേർതിരിച്ച് പറഞ്ഞിട്ടില്ലെങ്കിലും വാർത്താ മാധ്യമങ്ങൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും നിസ്സംശയം പറയാം ഇതിൽ കൂടുതൽ ഉണ്ടാവുക മലയാളികൾ ആയിരിക്കും എന്ന്. 
നാളെ പുലരാൻ പോകുന്ന സുന്ദര പ്രതീക്ഷകൾ സ്വപ്‌നം കണ്ടാണ് ഓരോ പ്രവാസിയും ഇവിടെ ജീവിതം തള്ളിനീക്കുന്നത്. അതിൽ തന്നെ പ്രവാസം തുടങ്ങുമ്പോഴുള്ള പ്രതീക്ഷകൾ ഇപ്പോഴും നിറവേറ്റാൻ കഴിയാത്ത പലരും ഉണ്ടാവും. 
കടം വീട്ടണം, മക്കളെ അല്ലെങ്കിൽ പെങ്ങന്മാരെ നല്ല നിലയിൽ കെട്ടിച്ചയക്കണം, നല്ലൊരു വീട് വെക്കണം, അത് കഴിഞ്ഞ് കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കണം. ഓരോ സാധാരണ പ്രവാസിയുടെയും ഉള്ളിലെ    ആഗ്രഹങ്ങളാണിതൊക്കെ. ഇതിൽ ചിലതൊക്കെ പൂർത്തിയാക്കി സ്വന്തമായൊരു വീട് നിർമിച്ച് പ്രവാസം മതിയാക്കാം എന്ന് തീരുമാനിക്കുമ്പോഴാണ് ഒരു വരുമാനമില്ലാതെ നാട്ടിൽ വന്നിട്ട് എന്ത് ചെയ്യാനാണ് എന്ന ചോദ്യം ഉയരുന്നത്. അങ്ങനെ ഒന്നിന് പിറകെ ഒന്നായി ആവശ്യങ്ങളുടെ പട്ടിക നീളുമ്പോൾ പ്രവാസിയുടെ നാട്ടിലേക്കുള്ള മടക്കയാത്രയും നീളുന്നു. അതിനിടെയായിരിക്കും എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കിക്കൊണ്ട് ചിലരെ മരണം തേടിയെത്തുക. അതോടെ അയാളുടെ ഓട്ടം നിലയ്ക്കുമെങ്കിലും പിന്നീട് അതിന്റെ ദുരന്തങ്ങളൊക്കെയും ഏറ്റ് വാങ്ങുന്നത് ഇന്ന് ശരിയാവും നാളെ ശരിയാവും എന്ന് മനസ്സിൽ കണക്ക് കൂട്ടി ഒരുമിച്ചുള്ളൊരു ഭാവി ജീവിതം സ്വപ്‌നം കണ്ട് കാലം കഴിക്കുന്ന ഭാര്യയും മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബമാണ്.
സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ബഖാലകളിലും ബൂഫിയകളിലും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് അധിക മലയാളികളും. ഇവിടുത്തെ ചെലവുകൾ കഴിച്ച് നാട്ടിലേക്കയച്ച് കഴിഞ്ഞാൽ പിന്നെ അടുത്ത ശമ്പളത്തിനായി കാത്ത് നിൽക്കേണ്ടി വരുന്നവർ. 
അതിനിടയിൽ വരുന്ന അധിക ചെലവുകൾക്ക് കടം വാങ്ങേണ്ടിവരുന്നവർ.  പ്രവാസം മതിയാക്കുമ്പോൾ സർവ്വീസ് പൈസക്ക് പോലും അർഹതയില്ലാത്തവർ. നിക്ഷേപത്തിന് പോയിട്ട് ഓരോ മാസത്തേയും ഇവിടുത്തേയും നാട്ടിലേയും ചെലവുകൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ. ഇവരുടെയിടയിലേക്ക് അകാലത്തിൽ മരണമെത്തുന്നതോടെ ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെടുന്നത്. ഭാവിയിലേക്കെന്ന് പറഞ്ഞ് ഒന്നും സൂക്ഷിച്ച് വെക്കാൻ കഴിയാത്തത് കൊണ്ട് അനാഥമാകുന്ന ഒട്ടേറെ കുടുംബങ്ങൾ നമുക്കിടയിൽ തന്നെയുണ്ട്.
ഇവിടെയാണ് സൗദി അറേബ്യയിലെ ഏറ്റവും വലിയ സാമൂഹ്യ സംഘടനയായ കെ എം സി സി യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പ്രസക്തി എത്രത്തോളം മഹത്തരമാണെന്ന് ബോധ്യമാവുക.
മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയാണ് കെ എം സി സി എങ്കിലും പ്രവാസികളുടെ സുരക്ഷയുടെ കാര്യത്തിൽ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ പ്രവാസികൾക്കിടയിൽ പ്രവർത്തിച്ച് കീർത്തി നേടിയിട്ടുണ്ട് . സാമൂഹ്യ സുരക്ഷാ പദ്ധതിയിലും ഇതേ രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. 
ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി കെ എം സി സിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തയ്യാറുള്ള ഏതൊരു പ്രവാസിക്കും ഇതിൽ അംഗമാകാം. ഒരു വർഷ കാലാവധിയുള്ള സുരക്ഷാ പദ്ധതിക്ക് 75 റിയാൽ ആണ് അംഗത്വ ഫീസ്. അംഗം മരണമടഞ്ഞാൽ ആശ്രിതർക്ക് ആറ് ലക്ഷം രൂപയാണ് സഹായധനമായി ലഭിക്കുന്നത്. മാറാവ്യാധി പിടിപെട്ട് ജോലി ചെയ്യാൻ കഴിയാതെ വിഷമിക്കുന്നവർക്ക് ചികിത്സാ സഹായവും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
2018 ഡിസംബർ 6 നാണ് അവസാനമായി ഈ പദ്ധതിയിൽ ചേർന്നതിന് ശേഷം മരണപ്പെട്ടവരുടെ ആശ്രിതർക്ക് പാണക്കാട്ട് വെച്ച് സഹായധനം വിതരണം ചെയ്തത്. 41 പേരുടെ നിരാലംബ കുടുംബത്തിന് കൈത്താങ്ങാവാൻ അതു വഴി ഈ പദ്ധതിയിലൂടെ കെ. എം. സി. സി ക്ക് സാധിച്ചു. 
അതോടൊപ്പം തന്നെ 170 ൽ അധികം പേർക്ക് ചികിത്സാ സഹായം നൽകാനും സാധിച്ചു. അതിന് ശേഷവും പ്രവാസ ലോകത്ത് മരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ജുമുഅ നമസ്‌ക്കാരം കഴിഞ്ഞ് കട തുറക്കാൻ വന്ന കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതം വന്ന് കടക്ക് മുന്നിൽ തന്നെ കുഴഞ്ഞ് വീണ് മരിച്ച വാർത്ത നമ്മൾ വായിച്ചു. 
65 വയസ്സായ അദ്ദേഹത്തിന് പ്രവാസം മതിയാക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടാവില്ല. പലവിധ സാഹചര്യങ്ങളാണ് പലരേയും ഇവിടെ തന്നെ നിൽക്കാൻ പ്രേരിപ്പിക്കുന്നത്.
നാമെല്ലാം കുടുംബത്തിന്റെ സുരക്ഷ ഭദ്രമാക്കാൻ വേണ്ടിയാണ് ഇവിടെ കഷ്ടപ്പെടുന്നത്. പക്ഷെ അതിനിടെ മരണം മാടി വിളിക്കുമ്പോൾ കുടുംബം അനാഥമാകാതിരിക്കാൻ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ വരാതിരിക്കാൻ ഓരോ പ്രവാസിയും ഇത്തരം സുതാര്യമായ സാമൂഹിക സുരക്ഷാ പദ്ധതികളിൽ അംഗമാകാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. 
എത്രയോ റിയാൽ നാം അനാവശ്യങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്. അതിൽനിന്നും കേവലം 75 റിയാൽ മാറ്റിവെച്ച് ഇത്തരം പദ്ധതികളിൽ ചേർന്നാൽ നമ്മുടെ കുടുംബത്തിനല്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കളുടെ കുടുംബത്തിന് ഉപകാരപ്പെടും എന്ന കാര്യം ഉറപ്പാണ്. ഓർക്കുക ആറ് ലക്ഷം ഒരു ചെറിയ സംഖ്യയല്ല. ഒരു കമ്പനിയിൽ പത്തും പതിനഞ്ചും കൊല്ലം ജോലി ചെയ്ത് പിരിയുന്ന സാധാരണ തൊഴിലാളിക്ക് പോലും ഇത്രയും വലിയ സംഖ്യ സർവീസ് പൈസയായി കിട്ടില്ല എന്നോർക്കണം. 
അതോടൊപ്പം തന്നെ ജിദ്ദയിൽ താമസിക്കുന്നവർക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയും ഉണ്ട്. 50 റിയാൽ അംഗത്വ ഫീസുള്ള ഈ പദ്ധതിയിൽ ചേർന്നാൽ ആശ്രിതർക്ക് ലഭിക്കുക നാല് ലക്ഷമാണ്. ജിദ്ദയിൽ തന്നെയുള്ള മലപ്പുറം ജില്ലയിലെ കെഎംസിസി പ്രവർത്തകർക്ക് രണ്ട് ലക്ഷത്തിന്റെ പദ്ധതി വേറെയും ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു വർഷത്തിൽ 160 റിയാൽ ഈ സാമൂഹ്യ സുരക്ഷാ പദ്ധതിയിലേക്ക് സംഭാവന ചെയ്താൽ രക്ഷപ്പെടുന്നത് അകാലത്തിൽ ആഗ്രഹങ്ങൾ ബാക്കിയാക്കി നമ്മെ വിട്ട് പിരിയുന്ന സഹോദരങ്ങളുടെ കുടുംബമാണ്.  അവരുടെ പ്രാർത്ഥനയോളം വലുതായിട്ട് പ്രവാസിക്ക് വേറൊന്നും ലഭിക്കാനുണ്ടാവില്ല. ഈ പദ്ധതിയിൽ അംഗത്വമെടുക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ്. അതിന് മുമ്പെ നിങ്ങളുടെ അടുത്തുള്ള കെ. എം. സി. സി പ്രവർത്തകരെ കണ്ട് അംഗത്വമെടുക്കാൻ പരിശ്രമിക്കുക.
ഓർക്കുക. ഇതൊരു മുതൽകൂട്ടാണ്. നമ്മുടെ സഹോദരങ്ങളുടെ കുടുംബത്തിന്. നമ്മുടെ കുടുംബത്തിന്. മരണം എപ്പോൾ എവിടെ വെച്ച് എങ്ങിനെ തേടി വരും എന്ന് അറിയാത്ത കാലത്തോളം നമ്മൾ അതിന് ഒരുങ്ങി നിൽക്കുക.
നമ്മുടെ സഹോദരങ്ങളുടെ കുടുംബം നമുക്ക് ശേഷവും സാമ്പത്തിക ക്ലേശം അനുഭവിക്കാതിരിക്കാൻ കെ. എം. സി. സിയുടെ സാമൂഹിക സുരക്ഷാ പദ്ധതിയുമായി സഹകരിക്കുക. അതു വഴി നൽകാം നമുക്ക് നിരാലംബരാകുന്ന ഓരോ കുടുംബത്തിനും ഓരോ കൈത്താങ്ങ്.

Latest News