Sorry, you need to enable JavaScript to visit this website.

'മോഡിയെ മാറ്റി 2019ല്‍ ഗഡ്കരിയെ നിര്‍ത്തൂ, ജയിക്കാം'; ആര്‍എസ്എസിനോട് കര്‍ഷക നേതാവ്‌

മുംബൈ- നരേന്ദ്രമോഡിക്ക് പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനായാസം ജയിക്കാനാകുമെന്ന് വിദര്‍ഭയിലെ കര്‍ഷക നേതാവ്. മഹാരാഷ്ട്രയിലെ വസന്ത്‌റാവു നായിക് ഷെട്ടി സ്വവലമ്പന്‍ മിഷന്‍ ചെയര്‍മാനായ കിഷോര്‍ തിവാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള കത്ത് കിഷോര്‍ തിവാരി ആര്‍ എസ് എസ് നേതാക്കളായ മോഹന്‍ ഭാഗവതിനും ഭയ്യാ സുരേഷ് ജോഷിക്കും അയച്ചിരിക്കുകയാണ്. 

നാല് വര്‍ഷത്തിലധികമായി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുക എന്നത് അത്ര നല്ല വാര്‍ത്തയല്ല. ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ മാറ്റുകയാണ് വേണ്ടത്. നരേന്ദ്രമോദിക്ക് പകരം നിതിന്‍ ഗഡ്ക്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനായാസം വിജയിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

2012ല്‍ നിതിന്‍ ഗഡ്കരിയുടെ മേല്‍ തെറ്റായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ബിജെപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്, കിഷോര്‍ തിവാരി പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയാണ്. 
തീവ്രവാദപരവും ഏകാധിപത്യപരവുമായി നിലപാടുകള്‍ കൈക്കൊള്ളുന്ന നേതാക്കള്‍ രാജ്യത്തിന് അപകടകരമാണ്. അത്തരം പ്രവണതകള്‍ക്ക് നമ്മള്‍ മുന്‍പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ ചരിത്രം ഇനിയും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ഭരണം നിതിന്‍ ഗഡ്കരിക്ക് കൈമാറണമെന്ന് തിവാരി കത്തില്‍ ആവശ്യപ്പെടുന്നു. 

ജിഎസ്ടി, പെട്രോള്‍ വില വര്‍ദ്ധനവ്, നോട്ട് നിരോധനം എന്നിവയിലൊക്കെ തിരുമാനങ്ങളെടുത്ത നേതാക്കള്‍ കാരണമാണ് ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിക്ക് തിരച്ചടി നേരിടേണ്ടി വന്നതെന്നും തിവാരി കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ കഴിഞ്ഞതിന് പിന്നാലെ മോഡിയുടെയും അമിത് ഷായുടെ കര്‍ഷക വിരുദ്ധ പ്രസ്താവനകളാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് കാരണമായതെന്ന് തിവാരി നേരത്തെ ആരോപിച്ചിരുന്നു. ഇരുവരെയും അവരുടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Latest News