മധ്യപ്രദേശിലെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി കമല്‍നാഥിനെ വെട്ടിലാക്കി

ഭോപാല്‍- മധ്യപ്രദേശില്‍ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു ദിവസം പിന്നി്ട്ടപ്പോഴേക്കും വിവാദത്തിന് തിരികൊളുത്തി കമല്‍നാഥിന്റെ പരാമര്‍ശം. ഉത്തര്‍ പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികള്‍ മധ്യപ്രദേശിലെ യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്നുവെന്ന കമല്‍നാഥ് പറഞ്ഞതാണ് വിവാദമായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടിയും കമല്‍നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ചു. 'ഇവിടെ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടങ്ങളില്‍ ഉത്തര്‍ പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ളവരെയാണ് ജോലിക്കെടുക്കുന്നത്. അവര്‍ വിമര്‍ശിക്കുന്നില്ല. എന്നാല്‍ മധ്യപ്രദേശിലെ യുവജനങ്ങള്‍ക്കാണ് ജോലി ഇല്ലാതാകുന്നത്'-കമല്‍നാഥ് പറഞ്ഞു. 70 ശതമാനം ജോലികളും മധ്യപ്രദേശുകാര്‍ക്ക് നല്‍കുന്ന വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് മുന്‍ യുപി മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ് പ്രതികരിച്ചു. ഉത്തരേന്ത്യക്കാര്‍ എന്തിന് ഇവിടെ വന്നു, ഉത്തരേന്ത്യക്കാര്‍ എന്തിന് ഇവിടെ ബിസിനസ് ചെയ്യുന്നു തുടങ്ങിയ ചോദ്യങ്ങളൊക്കെ മഹാരാഷ്ട്രയില്‍ നിന്ന് കേട്ടിട്ടുണ്ട്. ഇതേ ചോദ്യം ദല്‍ഹിയില്‍ നിന്നും വരുന്നു. ഇപ്പോള്‍ ഇതാ മധ്യപ്രദേശില്‍ നിന്നും കേള്‍ക്കുന്നു. ഉത്തരേന്ത്യക്കാരെല്ലാം ഒരുമിച്ച് ഒരു തീരുമാനമെടുത്താല്‍ കേന്ദ്രത്തില്‍ പിന്നെ ആരുണ്ടാകും?-അഖിലേഷ് ചോദിച്ചു.

Latest News